July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

മോദി ബൈഡനെ കണ്ടു; അണിയറയിൽ ഒരുങ്ങുന്നത് മൾട്ടി ബില്യൺ ഡോളർ മെഗാ ഡ്രോൺ ഡീൽ

1 min read
SHARE

വാഷിംഗ്ടൺ: ത്രിദിന സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ഇരുനേതാക്കളും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തി. പ്രതിരോധ മേഖലയിലെ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയും അമേരിക്കയും തമ്മിൽ മൾട്ടി ബില്യൺ ഡോളർ ഡ്രോൺ കരാറിൽ ഏർപ്പെട്ടതായാണ് റിപ്പോർട്ട്. അമേരിക്കയിൽ നിന്ന് 31 എംക്യു-9ബി സ്കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാനുള്ള നീക്കങ്ങൾ ഇന്ത്യ സജീവമാക്കിയിരിക്കുകയാണ്. ഇവ സ്വന്തമാക്കാൻ ഏകദേശം 3 ബില്യൺ ഡോളർ ചെലവാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ നിന്ന് വെല്ലുവിളി ഉയരാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് ഇന്ത്യ പ്രതിരോധ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ചൈനയുമായുള്ള അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സ്കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ കരാറിൻമേലുള്ള ചർച്ചകൾ ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നുവരികയാണ്. അമേരിക്കയിൽ നിന്ന് എയർ-ടു-സർഫേസ് മിസൈലുകളും ലേസർ-ഗൈഡഡ് ബോംബുകളുമുള്ള എംക്യു-9ബി സ്കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു. അമേരിക്കയുടെ ഡിഫൻസ് സ്ഥാപനമായ ജനറൽ അറ്റോമിക്സാണ് ഈ ഡ്രോണുകൾ നിർമ്മിക്കുന്നത്. ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം (ഐഎസ്ആർ) എന്നിവയ്ക്ക് പേരുകേട്ടവയാണ് എംക്യു-9ബി സ്കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ. ഏത് കാലാവസ്ഥയിലും 40-ലധികം മണിക്കൂർ പറക്കാൻ ഇവയ്ക്ക് കഴിയും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തത്സമയ വിവരങ്ങൾ സേനകൾക്ക് ലഭ്യമാക്കാനാകും എന്നതും ഇവയുടെ പ്രധാന സവിശേഷതകളിലൊന്നാണ്. പശ്ചിമേഷ്യയിലും അഫ്ഗാനിസ്ഥാനിലും മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന്റെ ട്രാക്ക് റെക്കോർഡും ഇവയ്ക്കുണ്ട്. അതേസമയം, ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി ഇന്ന് ന്യൂയോർക്കിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഈ പരിപാടിയിൽ ഏകദേശം 15,000ത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. തുടർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കംപ്യൂട്ടിംഗ്, ബയോടെക്‌നോളജി തുടങ്ങിയ അത്യാധുനിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായി അദ്ദേഹം ആശയവിനിമയം നടത്തും. നാളെ (സെപ്റ്റംബർ 23) നടക്കാനിരിക്കുന്ന യുഎൻ കോൺക്ലേവിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക് തിരിക്കും.