രാജ്യത്തെ ജയിലുകളിൽ ജാതി വിവേചനം പാടില്ല; ജാതി അടിസ്ഥാനത്തിൽ ജോലി അനുവദിക്കുന്നത് തടയാൻ ജയിൽ മാനുവലുകൾ മൂന്ന് മാസത്തിനകം: സുപ്രീം കോടതി

1 min read
SHARE

രാജ്യത്തെ ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട ചട്ടം 3 മാസത്തിനകം പരിഷ്‌ക്കരിക്കണമെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. മാധ്യമപ്രവര്‍ത്തക സുകന്യ ശാന്ത നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ നിർണായക വിധി. ജാതിയുടെ അടിസ്ഥാനത്തിൽ ജയിലുകളിൽ ജോലി ഏർപ്പെടുത്തുന്ന പല സംസ്ഥാനങ്ങളിലെയും ജയിൽ മാനുവലിലെ വ്യവസ്ഥകൾ റദ്ദാക്കികൊണ്ടായിരുന്നു കോടതി വിധി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജാതി അടിസ്ഥാനത്തിൽ ജോലി അനുവദിക്കുന്നത് തടയാൻ ജയിൽ മാനുവലുകൾ പരിഷ്‌ക്കരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കോടതി നിർദ്ദേശം നൽകി. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ മാതൃകാ ജയിൽ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താനും കോടതി നിർദ്ദേശിച്ചു. ജയിൽ രജിസ്റ്ററിലെ ജാതി കോളങ്ങൾ നിർബന്ധമായും ഇല്ലാതാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജയിലിൽ കഴിയുന്നവർക്ക് ജാതി അടിസ്ഥാനത്തിലല്ലാതെ ജോലി നൽകേണ്ടതില്ലെന്ന യുപിയിലെ ജയിൽ മാനുവലിലെ വ്യവസ്ഥകളോട് കോടതി എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്‌തു. രാജ്യത്തെ ജയിലുകളിലും ജാതിവിവേചനം ഉണ്ടെന്ന് സുപ്രീംകോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ബംഗാള്‍, രാജസ്ഥാന്‍, തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയില്‍ മാനുവലിലല്‍ തന്നെ ജാതിതിരിച്ചുളള വ്യവസ്ഥകളാണുള്ളത്. രാജസ്ഥാനിലെ ജയിലുകളില്‍ ബ്രാഹ്‌മണരായ തടവുകാരെ പാചക ജോലികള്‍ക്ക് നിയമിക്കാന്‍ യോഗ്യരാണെന്ന് ജയില്‍ചട്ടങ്ങളില്‍ തന്നെ എഴുതിവച്ചിട്ടുണ്ട്. രാജ്യത്തെ ജാതി വിവേചനത്തെ ചൂണ്ടികാട്ടിയതിൽ ഈ ഹർജി സഹായിച്ചെന്നും ഹർജിക്കാരിയായ മാധ്യമപ്രവർത്തക സുകന്യ ശാന്തയെ കോടതി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.