ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്; ഒരു മണിവരെ 36.7% വോട്ടിംഗ്

1 min read
SHARE

ഹരിയാന മുഖ്യമന്ത്രി നായാബ് സിംഗ് സെയ്‌നി, ഭൂപീന്തര്‍ സിംഗ് ഹൂഡ, വിനേഷ് ഫോഗട്ട് , ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല എന്നിവരടക്കമുള്ള ആയിരത്തിലേറെ സ്ഥാനാര്‍ത്ഥികളുടെ ഭാവി ഇന്ന് നിര്‍ണയിക്കപ്പെടും. 90 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ന് ഉച്ചയ്ക്ക് 1 മണി വരെ 36.7 ശതമാനം. ഭരണപക്ഷമായ ബിജെപി ഹാട്രിക്ക് ഭരണത്തിനായാണ് കാത്തിരിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും പുറമേ എഎപി, ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍, ബഹുജന്‍ സമാജ് പാര്‍ട്ടി, ജനനായക് ജനതാ പാര്‍ട്ടി, അസാദ് സമാജ് പാര്‍ട്ടി എന്നിവരുടെ സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നുണ്ട്. ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. നാലോളം റാലികളിലാണ് അദ്ദേഹം പങ്കെടുത്തത്. ഹരിയാനയില്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റാവുമെന്നാണ് രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നത്. കര്‍ഷകര്‍ക്കും പാവങ്ങള്‍ക്കുമായുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സംസ്ഥാനത്തിന്റെ എല്ലാ കോണുകളും സ്‌നേഹത്തിന്റെ കടകള്‍ തുറക്കുമെന്നുമാണ് രാഹുല്‍ പറഞ്ഞത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് കനത്ത് പോരാട്ടം നടക്കുന്നത്. 2019ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി 40 സീറ്റുകളില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് 31, ജെജെപി 10 എന്നിങ്ങനെയാണ് സീറ്റ് നില. ജെജെപിയുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. മനോഹര്‍ ലാല്‍ ഘട്ടറിനെ മാറ്റി നായാബ് സിംഗ് സെയ്‌നിയെ മുഖ്യമന്ത്രിയാക്കിയതോടെ ജെജെപി ബിജെപിയുമായുള്ള സഖ്യത്തില്‍ നിന്നും പിന്മാറി. 8821 വോട്ടര്‍മാര്‍ നൂറു വയസിന് മുകളില്‍ പ്രായമുള്ളവരാണ്. അതില്‍ 3283 പേര്‍ പുരുഷന്മാരും 5538 പേര്‍ സ്ത്രീകളുമാണ്. 1.09 ലക്ഷം വോട്ടര്‍മാരാണ് സര്‍വീസ് വോട്ടേഴ്‌സ് പട്ടികയിലുള്ളത്. കഴിഞ്ഞതവണ 68 ശതമാനമായിരുന്നു പോളിംഗ് ശതമാനം.