20 വർഷം വിസ പുതുക്കിയുള്ള ജീവിതം; ചെങ്ങാലൂരിന്റെ ശ്രീലങ്കക്കാരി മരുമകൾക്ക് ഒടുവിൽ ഇന്ത്യൻ പൗരത്വം

1 min read
SHARE

മരുമകളായി 20 വർഷം ചെങ്ങാലൂരിൽ ജീവിച്ച സുജീവയ്ക്ക് ഒടുവിൽ ഇന്ത്യൻ പൗരത്വം. ചെങ്ങാലൂർ അരോടി ബൈജുവിന്റെ ഭാര്യയായ ശ്രീലങ്ക കൊളംബോ സ്വദേശി ക്രന്ദുഗോഡ കങ്കണങ്കെ ലലാനി സുജീവയ്ക്കാണ് (50) ഇന്ത്യൻ പൗരത്വം ലഭിച്ചത്. ഇന്നലെ കലക്ടർ അർജുൻ പാണ്ഡ്യൻ പൗരത്വ രേഖ കൈമാറി. മസ്കത്തിൽ വസ്ത്രനിർമാണ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ബൈജുവും സുജീവയും 2001ൽ ശ്രീലങ്കയിലാണു വിവാഹിതരായത്. 2004ൽ ഇവർ ബൈജുവിന്റെ സ്വദേശമായ ചെങ്ങാലൂരിലെത്തി. തുടർന്ന് 20 വർഷം വീസ പുതുക്കിയുള്ള ജീവിതം.

ബൈജു നാട്ടിൽ തന്നെ ചുമട്ടു തൊഴിലാളിയായി. ഇതിനിടെ പിറന്ന മകൻ അമൃത് കൃഷ്ണയ്ക്ക് 13 വയസ്സായി. 2020ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ നാട്ടുകാരിയും സുഹൃത്തുമായ രശ്മി ശ്രീഷോഭ് സ്ഥാനാർഥിയായപ്പാേഴാണു സുജീവയുടെ പൗരത്വ പ്രശ്നം ശ്രദ്ധയിൽപെട്ടത്. സുഹൃത്തിനു വോട്ട് ചെയ്യാനാവാത്ത വിഷമം പറഞ്ഞ സുജീവയോട് രശ്മി സിറ്റിസൻഷിപ് പോർട്ടലിൽ അപേക്ഷിക്കാൻ നിർദേശിച്ചു.

പോർട്ടലിൽ പരിശാേധിച്ചപ്പോഴാണ് ഇതുവരെ അപേക്ഷ പോലും സമർപ്പിച്ചിട്ടില്ലെന്നറിഞ്ഞത്. തുടർന്ന് അന്നത്തെ കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫിസുമായി ബന്ധപ്പെട്ടു. മന്ത്രിയുടെ ഓഫിസിൽനിന്ന് ഇടപെടലുണ്ടായി.. പിന്നെയും നാലു വർഷം കാത്തിരിപ്പ്. ഇതിനിടെ കലക്ടറേറ്റിൽ നിന്നും കേന്ദ്ര വിദേശ മന്ത്രാലയത്തിൽ നിന്നും അറിയിപ്പുകൾ എത്തി. കലക്ടറേറ്റിൽ സത്യവാങ്മൂലം നൽകിയതും ചെന്നൈയിൽ പോയി പാസ്പോർട്ട് സമർപ്പിച്ചതും സംശയിച്ചായിരുന്നെന്നു സുജീവ പറയുന്നു.മറ്റു രേഖകളൊന്നും സ്വന്തമായില്ലായിരുന്ന സുജീവയ്ക്കു കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ നിന്നുള്ള ഫോൺ എത്തിയപ്പോഴാണ് ആശ്വാസമായത്. ഭർത്താവിനും മകനുമൊപ്പം പുതുക്കാട് പഞ്ചായത്തംഗമായ രശ്മിയുടെ കൂടെയാണ് കലക്ടറുടെ ചേംബറിലെത്തി സുജീവ പൗരത്വരേഖ ഏറ്റുവാങ്ങിയത്.