പ്രശസ്ത നടന്‍ ശങ്കരാടിയുടെ ഓര്‍മകള്‍ക്ക് 23 വര്‍ഷം
1 min read

പ്രശസ്ത നടന്‍ ശങ്കരാടിയുടെ ഓര്‍മകള്‍ക്ക് 23 വര്‍ഷം. നാല് പതിറ്റാണ്ട് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ശങ്കരാടി. എഴുന്നൂറോളം ചിത്രങ്ങളിലായി ആയിരത്തിലേറെ കഥാപാത്രങ്ങള്‍ ശങ്കരാടി മലയാള സിനിമക്ക് സമ്മാനിച്ചു. സ്വാഭാവികതയായിരുന്നു ശങ്കരാടി എന്ന നടന്റെ കൈമുതല്‍. അച്ഛനായും അമ്മാവനായും കാര്യസ്ഥനായും രാഷ്ട്രീയ നേതാവായുമൊക്കെ മലയാള സിനിമയില്‍ ശങ്കരാടി നിറഞ്ഞുനിന്നു. എം ടിയുടെ ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധന്റെ നോട്ടക്കാരന്‍ അച്യുതന്‍ നായരിലൂടെയാണ് ശങ്കരാടി ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഗ്രാമീണ കഥാപാത്രങ്ങളെ തന്‍മയത്തത്തോടെ അദ്ദേഹം അവതരിപ്പിച്ചു. തികച്ചും സ്വാഭാവികമായ ഒഴുക്ക് ആ കഥാപാത്രങ്ങളെയെല്ലാം വേറിട്ടുനിര്‍ത്തി. സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ മലയാളിക്ക് പരിചിതനായിരുന്ന ശങ്കരാടി സത്യന്‍ അന്തിക്കാട് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നര്‍മത്തെ വളരെ സ്വാഭാവികതയോടെ അഭിനയിക്കാന്‍ കഴിയുന്ന അപൂര്‍വം നടന്മാരില്‍ ഒരാളായി ശങ്കരാടി മാറി. വിയറ്റ്‌നാം കോളനി സിനിമയിലെ ഇതാണ് എന്റെ കൈയിലുള്ള രേഖ എന്ന് പറയുന്ന ഭ്രാന്തന്‍ കഥാപാത്രം വെറും മിനിറ്റുകള്‍ മാത്രമേ ഉള്ളൂവെങ്കിലും മലയാളിയുടെ മനോമണ്ഡലത്തില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന ഡയലോഗാണ്. സന്ദേശത്തിലെ പരുക്കനായ പാര്‍ട്ടി ബുദ്ധിജീവിയുടെ വേഷം കൈയൊതുക്കത്തോടെ ശങ്കരാടിക്ക് ഗംഭീരമാക്കാനായി. മിന്നാരത്തിലെ ഡയലോഗുകള്‍ പറഞ്ഞ് ശങ്കരാടി വിവിധ തലമുറകളെ ചിരിപ്പിച്ചു. സ്വഭാവ നടന്‍ എന്ന് നൂറ് ശതമാനവും വിശേഷിപ്പിക്കാന്‍ കഴിയുന്ന നടനായിരുന്നു ശങ്കരാടി. ഏത് റോളില്‍ വന്നാലും ജീവിതത്തില്‍ എവിടെയൊക്കെയോ നമ്മള്‍ കണ്ടുമുട്ടിയ ഒരാളെന്ന അനുഭവമുണര്‍ത്താന്‍ ചന്ദ്രശേഖരമേനോന്‍ എന്ന ശങ്കരാടിക്ക് കഴിഞ്ഞു.
