SSLC ബുക്കിലെ പേര് മാറ്റാൻ ഇനി എന്തെളുപ്പം; കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്തു

1 min read
SHARE
എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റിലെ പേരും ഇനി മാറ്റാം. പേര് മാറ്റിയ വിവരം ഗസറ്റില്‍ വിജ്ഞാപനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷഭവനായിരിക്കും എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റില്‍ മാറ്റം വരുത്തി നല്‍കുക.
പേര് മാറ്റിയ സർ‌ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ആ വ്യക്തിയുടെ മറ്റ് സർട്ടിഫിക്കറ്റുകളിലും തിരുത്തല്‍ വരുത്താം.
എസ്‌എസ്‌എല്‍സി ബുക്കിലെ പേര് മാറ്റാൻ പാടില്ലെന്ന 1984-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ വർ‌ഷങ്ങളായി നടന്ന കേസിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ‌) സർക്കാർ ഭേദഗതി ചെയ്തത്. പേര് മാറ്റി ഗസ്റ്റില്‍ വിജ്ഞാപനം ചെയ്താലും സ്കൂള്‍ രേഖകളില്‍ പഴയ പേര് കിടക്കുന്നുവെന്ന് പറഞ്ഞ് എസ്‌എസ്‌എല്‍സി ബുക്കിലെ പേര് പരീക്ഷാഭവൻ മാറ്റി നല്‍കിയിരുന്നില്ല.
എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റിലെ പേരില്‍ അക്ഷരത്തെറ്റ് തിരുത്താൻ ഗസറ്റ് വിജ്ഞാപനത്തിന്റെ ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പേര് തിരുത്തി നല്‍കാമെന്ന് 2021-ലാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ വിധി നടപ്പാക്കാതെ വന്നതോടെ കോടിയലക്ഷ്യ ഹർജി വന്നു. തുടർന്ന് തിരുത്തല്‍ അനുവദിക്കാമെന്നും ഇതിനായി കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്യുമെന്നും സർക്കാർ‌ കോടതിയില്‍ അറിയിച്ചിരുന്നു. ഇതാണ് യാഥാർത്ഥ്യമായിരിക്കുന്നത്.