മന്ത്രിയുടെ ഉറപ്പില്‍ താന്തോണി തുരുത്ത് നിവാസികൾ സമരം അവസാനിപ്പിച്ചു

1 min read
SHARE

മന്ത്രി പി രാജീവിൻ്റെ ഉറപ്പില്‍ കൊച്ചിയിലെ താന്തോണി തുരുത്ത് നിവാസികൾ സമരം അവസാനിപ്പിച്ചു. മന്ത്രിതലത്തില്‍ ഇടപെടല്‍ ആദ്യമാണെന്ന് മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സമരസമിതി അംഗങ്ങൾ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ഉറപ്പില്‍ വിശ്വസിച്ച് തങ്ങള്‍ സമരം അവസാനിപ്പിക്കുന്നു. സമരം മുന്നോട്ടു കൊണ്ടുപോകാവുന്ന അവസ്ഥയില്‍ അല്ലെന്നും സമര സമിതി പ്രതിനിധികൾ പറഞ്ഞു.

താന്തോണി തുരുത്തില്‍ ആംബുലന്‍സ് പോകാവുന്ന വീതിയില്‍ ബണ്ട് നിര്‍മിക്കാനാണ് ശ്രമിക്കുന്നത് എന്ന് മന്ത്രി പി രാജീവ് ചർച്ചയ്ക്ക് ശേഷം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഇതിന് അനുമതി നല്‍കേണ്ടത്. അതിന് അനുയോജ്യമായ ശുപാര്‍ശ GIDA നല്‍കും. അംഗീകരിക്കാവുന്ന മാനദണ്ഡങ്ങള്‍ ആകും ശുപാര്‍ശയില്‍ നല്‍കുക.

 

ബണ്ടില്‍ തുരുത്തിലേക്ക് വെള്ളം കയറാതിരിക്കുന്നതു കൂടാതെ വെള്ളം ഇറങ്ങിപ്പോകാനുള്ള സംവിധാനവും വേണം. GIDA ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനു പിന്നാലെ KCZMA-യുടെ യോഗം ചേരും. അതിനു ശേഷം കേന്ദ്രത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കും. കണ്ടല്‍ക്കാടുകള്‍ ഉള്ളതിനാലാണ് കേന്ദ്രത്തിന്റെ അനുമതി ആവശ്യമുള്ളതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.