ക്രിസ്മസ് ആഘോഷത്തിൻ്റെ നെറുകയിൽ ലോകം; വിശുദ്ധ കവാടം തുറന്ന് മാർപാപ്പ
1 min read

ന്യൂ ഡൽഹി: തിരുപ്പിറവി ഓർമ പുതുക്കി ലോകം ക്രിസ്മസ് ആഘോഷത്തിൽ. സമാധാനത്തിന്റേയും സന്തോഷത്തിന്റെയും ക്രിസ്മസ് പുലരിയെ വരവേറ്റ് പള്ളികളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ച് വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാൻസിസ് മാർപാപ്പ തുറന്നു. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിന് തുടക്കമായി. ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയാണ് വിശുദ്ധ കവാടം തുറക്കൽ ചടങ്ങ് നടന്നത്. ഡിസംബർ 29ന് കത്ത്രീഡലുകളിലും, കോ- കത്രീഡലുകളിലും ബിഷപ്പുമാരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് 2025ലെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ തുറക്കും. നാളെയാണ് ചടങ്ങ്. ഒരു കാരാഗൃഹത്തിൽ വിശുദ്ധവാതിൽ മാർപ്പാപ്പ തുറക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.
