മുദ്ര ആംഫി തിയറ്റർ ഉദ്ഘാടനവും ജൈവവൈവിധ്യ ഉദ്യാന നിർമ്മാണോദ്ഘാടനവും നടത്തി
1 min read

മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മുദ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സ്‌കൂളിന് മുൻവശം സജ്ജീകരിച്ച മുദ്ര ആംഫി തിയറ്ററിന്റെ ഉദ്ഘാടനവും ജൈവവൈവിധ്യ ഉദ്യാന നിർമ്മാണത്തിന്റെ ഉദ്ഘാടനവും മുദ്ര വിദ്യാഭ്യാസ പദ്ധതി ചെയർമാൻ മുൻ എം.പി കെ കെ രാഗേഷ് നിർവഹിച്ചു. കേരളത്തിൽ പൊതുവിദ്യാഭ്യാസ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ മാതൃകയാണ് മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്ന് അദ്ദേഹം പറഞ്ഞു. ഈ പൊതുവിദ്യാലയത്തിലെ വിദ്യാർഥികൾക്ക് കായിക, സാംസ്‌കാരിക, ശാസ്ത്ര മേഖലകളിലെല്ലാം കഴിവ് തെളിയിക്കാൻ കഴിയുന്ന വിധത്തിലാണ് ആംഫി തിയറ്ററും സ്‌റ്റേഡിയവും ലൈബ്രറിയും റോബോട്ടിക് ലാബ് ഉൾപ്പെടെയുള്ള ലാബുകളും ഒക്കെ സജ്ജീകരിച്ചിരിക്കുന്നത്. സ്‌കൂളിൽ ഇതിന്റെ അടുത്ത പടിയാണ് ബയോ ഡൈവേഴ്‌സിറ്റി പാർക്കെന്നും അദ്ദേഹം പറഞ്ഞു. കാമ്പസിൽ കെട്ടിടം നിൽക്കുന്ന സ്ഥലം ഒഴികെ എല്ലായിടത്തും മരങ്ങൾ വെച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതാപനത്തെ ചെറുക്കാൻ ഭൂമിക്കൊരു ഹരിത കവചം പണിയുക എന്ന ഉത്തരവാദിത്തത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ രത്നകുമാരി അധ്യക്ഷയായി. ‘മരുതം’ എൻഎസ്എസ് ക്യാമ്പ് ജനറൽ കൺവീനർ ഡോ. പ്രിയ വർഗീസ് പദ്ധതി വിശദീകരിച്ചു.
മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ അനിഷ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി കെ പ്രമീള, ജില്ല ാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി കെ സുരേഷ് ബാബു, മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ പങ്കജാക്ഷൻ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൻ സി ലത, എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗം കെ ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി അശ്‌റഫ്, വി കെ ലീഷ്മ, സ്‌കൂൾ മാനേജ്‌മെൻറ് കമ്മിറ്റി ചെയർമാൻ പി സി ആസിഫ്, പിടിഎ പ്രസിഡൻറ് സി പി അഷ്‌റഫ്, സ്‌കൂൾ പ്രിൻസിപ്പൽ എം മനോജ് കുമാർ, പ്രധാനധ്യാപിക പി കെ റംലത്ത് ബീവി, മുദ്ര പദ്ധതി ജനറൽ കൺവീനർ പി പി ബാബു, പി ചന്ദ്രൻ, മുണ്ടേരി ഗംഗാധരൻ, പിസി അഹമ്മദ് കുട്ടി, കെ രാമകൃഷ്ണൻ, കെ വേണു, മാങ്ങാട്ടുപറമ്പ് കാമ്പസ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ടിഎം ഗണേഷ് ഗോപാൽ, ജാനകി അമ്മാൾ കാമ്പസ് പ്രോഗ്രാം ഓഫീസർ ഡോ. കെ പി അനുപമ എന്നിവർ സംസാരിച്ചു.
സായാഹ്നങ്ങളിൽ വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും കലാസാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള പൊതുവേദിയാണ് മുദ്ര ആംഫി തിയേറ്റർ.
മുണ്ടേരി ക്യാമ്പസിൽ ഒഴിഞ്ഞു കിടക്കുന്ന മുഴുവൻ സ്ഥലങ്ങളിലും കണ്ണൂർ സർവ്വകലാശാലയിലെ ക്യാമ്പസ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ 150 വളണ്ടിയർമാരുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ ഉദ്യാനം നട്ടുപിടിപ്പിക്കുന്നതിന് തുടക്കമായി. കേരള ജൈവവൈവിധ്യ ബോർഡിന്റെ ചെയർമാൻ ഡോ. എൻ അനിൽകുമാർ, മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ എന്നിവർ ജൈവവൈവിധ്യ പരിശീല പരിപാടിക്കും ജൈവവൈവിധ്യ ഉദ്യാന നിർമ്മാണത്തിനും നേതൃത്വം നൽകി.
സ്‌കൂളിൽ നടക്കുന്ന ‘മരുതം’ എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കുന്ന കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിലെ വിദ്യാർഥികളും മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ വിദ്യാർഥികളും പാലയാട് ക്യാമ്പസിലെ വിദ്യാർഥികളും മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഇക്കോ ക്ലബിലെ വിദ്യാർഥികളും ജൈവ വൈവിധ്യ ഉദ്യാനം വെച്ചുപിടിപ്പിക്കുന്നതിൽ പങ്കാളികളായി.
