കുറച്ച് കാലം കഴിയുമ്പോൾ ഷാഫിയാണ് ഇത് സൃഷ്ടിച്ചത് എന്ന് പോലും നമ്മൾ മറന്ന് പോകും, പക്ഷേ ചിരി ബാക്കിയുണ്ടാകും’; ശ്രീജിത്ത് ദിവാകരൻ

1 min read
SHARE

സംവിധായകൻ ഷാഫിയുടെ കഥാപാത്രങ്ങളെയോർത്തെടുത്ത് മാധ്യമപ്രവർത്തകനായ ശ്രീജിത്ത് ദിവാകരൻ. തൊണ്ണൂറുകൾ മുതൽ മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയിലുള്ള ഷാഫി സിനിമാസ്വാദകരെ ചിരിപ്പിച്ചതിന് കയ്യും കണക്കുമില്ലെന്നും ഷാഫി എന്നാലോചിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുക അദ്ദേഹത്തിൻ്റെ സിനിമയിലെ തമാശകളാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറച്ച് കാലം കഴിയുമ്പോൾ ഷാഫിയാണ് ഈ കഥാപാത്രങ്ങൾ സൃഷ്ടിച്ചത് എന്ന് പോലും നമ്മൾ മറന്ന് പോകുമെന്നും പക്ഷേ ചിരി ബാക്കിയുണ്ടാകുമെന്നും. ആരുടേതെന്നറിയാതെ പലരും ആ തമാശകൾ ആവർത്തിക്കും, ആ ചിരി മുഹൂർത്തങ്ങൾ ഓർത്ത് പറയുമെന്നും അദ്ദേഹം എഫ്ബി പോസ്റ്റിൽ കുറിച്ചു.

ശ്രീജിത്ത് ദിവാകരൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

തൊമ്മനും മക്കളും മായാവിയുമാണ് രാജമാണിക്യത്തിന് ശേഷം ഏറ്റവും ചിരിച്ചിട്ടുള്ള മമ്മൂട്ടി പടങ്ങൾ. രണ്ടിലും സലിംകുമാറിന്റെ അസാമാന്യ റ്റൈമിങ്ങും ഡയലോഗ് ഡെലിവറിയും ഉള്ള ഒരു രക്ഷയുമില്ലാത്ത തമാശകളുണ്ട്. ‘തൊമ്മനും മക്കളി’ലും എന്റേത് ഒരു ക’ഥ’ന കഥയാണ് എന്ന് പറഞ്ഞ് ‘അമ്മാവൻ മീൻ വാങ്ങാൻ പോയപ്പോൾ വണ്ടിയിടിച്ച് മരിച്ച’ സംഭവം സലിം കുമാർ വിവരിക്കുന്നതും, ‘എന്നിട്ട്’ എന്ന് മമ്മൂട്ടിയുടേയും ലാലിന്റെയും കഥാപാത്രങ്ങൾ ഒരുമിച്ച് ചോദിക്കുന്നതും ‘ഞാൻ ഒണക്കമീൻ വച്ച് അഡ്ജസ്റ്റ് ചെയ്തു’ എന്ന് സലിം കുമാർ മറുപടി പറയുന്നതും ഓർത്തോർത്ത് ചിരിച്ചിട്ടുണ്ട്. മായാവിയിൽ ആക്ടർ എന്ന നിലയിൽ സലിം, ഷോ സ്റ്റീൽ ചെയ്യുന്നത്, എന്ത് രസമാണെന്ന് എപ്പോഴും ആലോചിക്കും.

വൺമാൻ ഷോയിലും കല്യാണരാമനിലും പുലിവാൽ കല്യാണത്തിലുമൊക്കെ ആ ഹ്യൂമർ സെൻസിന്റെ എക്‌സിക്യൂഷനുണ്ട്. എപ്പോ കേട്ടാലും ചിരി വരുന്ന സന്ദർഭങ്ങൾ. പിന്നീട് നാം ആവർത്തിച്ച് പറഞ്ഞവ. ശരിക്കും ക്യാരിക്കേച്ചർ കഥാപാത്രങ്ങളാണ്. കല്യാണ രാമനിലെ ഇന്നസെന്റിന്റെ ക്യാരക്ടർ മുതൽ ചട്ടമ്പിനാടിന്റെ സുരാജിന്റെ റോൾ വരെ നീണ്ട് കിടക്കുന്നവ. അഭിനേതാക്കളുടെ ഇംപ്രൊവൈസേഷനുള്ള സാധ്യതകൾ തുറന്നിടുന്നവ.

സിനിമ മേഖലയിലുള്ള പലർക്കും ഷാഫി വലിയ സുഹൃത്തായിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. തൊണ്ണൂറുകൾ മുതൽ മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയിലുള്ളയാൾ. തുടർച്ചയായി എത്രയോ ഹിറ്റുകൾ സമ്മാനിച്ചയാൾ. 56 വയസോ മറ്റോ ആണ് ഷാഫിക്ക് മരിക്കുമ്പോൾ പ്രായം. എത്രയോ ചെറിയ പ്രായമാണ്. എന്നിട്ടും ഷാഫി എന്നാലോചിക്കുമ്പോൾ നമുക്ക് ചിരിയാണ് വരിക. അത് ചിരിപ്പിക്കലുകാരുടെ വിധിയാണ്. കുറച്ച് കാലം കഴിയുമ്പോൾ ഷാഫിയാണ് ഇത് സൃഷ്ടിച്ചത് എന്ന് പോലും നമ്മൾ മറന്ന് പോകും. പക്ഷേ ചിരി ബാക്കിയുണ്ടാകും. ആരുടേതെന്നറിയാതെ പലരും ആ തമാശകൾ ആവർത്തിക്കും. ആ ചിരി മുഹൂർത്തങ്ങൾ ഓർത്ത് പറയും.