പാതിവില തട്ടിപ്പ്: വി മുരളീധരൻ്റെ യുവ കോപ്പറേറ്റീവ് സൊസൈറ്റിക്ക് നേരെ പണം നഷ്ടപ്പെട്ടവർ മാർച്ച് നടത്തി

1 min read
SHARE

ബിജെപി നേതാവ് വി മുരളീധരൻ്റെ നേതൃത്വത്തിലുള്ള നാഷണൽ യുവ കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലും തട്ടിപ്പ്. പാലക്കാട് മുണ്ടൂരിൽ പാതിവില തട്ടിപ്പ് നടത്തിയത് നാഷണൽ യുവ സൊസൈറ്റി ആണ്. ബിജെപിയുടെ നിയന്ത്രണത്തിലാണ് സൊസൈറ്റി മുണ്ടൂരിൽ പ്രവർത്തിക്കുന്നത്. പണം നഷ്ടപ്പെട്ടവരുടെ നേതൃത്വത്തിൽ സൊസൈറ്റിയിലേക്ക് മാർച്ച് നടത്തി. പാലക്കാട് മുണ്ടൂരിലാണ് നാഷണൽ യുവ കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പാതിവില തട്ടിപ്പ് നടത്തിയത്.

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരനായിരുന്നു നാഷണൽ യുവ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സംസ്ഥാനത്തെ സ്ഥാപക പ്രസിഡന്റ്. പാലക്കാട് ജില്ലയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറാണ് സൊസൈറ്റിയെ നിയന്ത്രിക്കുന്നത്.

 

ബിജെപി നേതാക്കളുടെ അറിവോടെയാണ് മുണ്ടൂരിൽ പാതിവില തട്ടിപ്പ് വ്യാപകമായി നടന്നതെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ഗോകുൽദാസ് പറഞ്ഞു. 276 പേരാണ് മുണ്ടൂരിലെ നാഷണൽ യുവ കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പദ്ധതിയിൽ ചേർന്നത്. പകുതിവിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും നൽകാമെന്നുപറഞ്ഞ് സാധാരണക്കാരിൽനിന്ന് കോടികളാണ് തട്ടിയത്. ഇരുചക്ര വാഹനത്തിന്റെ വിലയായി 60,000 രൂപയും മറ്റു ചാർജുകളായി 5,900 രൂപയുമാണ് ഒരോരുത്തരിൽനിന്നും ബിജെപിയുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റി പിരിച്ചത്. സിപിഐഎം പ്രതിഷേധത്തെ തുടർന്ന് സൊസൈറ്റി പോലീസ് പൂട്ടിച്ചു.