രഞ്ജി ട്രോഫിയിൽ ചരിത്ര ഫൈനൽ ലക്ഷ്യമിട്ട് കേരളം; നാളെ ​ഗുജറാത്തിനെതിരെ കളത്തിൽ

1 min read
SHARE

ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഫൈനൽ ലക്ഷ്യമിട്ട് കേരളം നാളെ ഇറങ്ങുന്നു. സെമി ഫൈനലിൽ ഗുജറാത്താണ്
കേരളത്തിന്റെ എതിരാളികൾ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാവിലെ 9.30 മുതലാണ് മത്സരം നടക്കുക. ജിയോഹോട്സ്റ്റാറില്‍ മത്സരം തത്സമയം കാണാനാകും.

ക്വാർട്ടർ ഫൈനലിൽ ആദ്യ ഇന്നിം​ഗ്സിലെ ഒരു റൺസിന്റെ ലീഡിന്റെ ബലത്തിൽ ജമ്മു കാശ്മീരിനെ മറികടന്നാണ് കേരളം സെമിയിലേക്കെത്തുന്നത്. അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി എന്നിവരിലാണ് കേരളത്തിന്റെ ബാറ്റിങ് പ്രതീക്ഷകൾ. അതിഥി താരങ്ങളായ ജലജ് സക്സേന, ആദിത്യ സർവേതെ എന്നിവരുടെ ഓൾറൗണ്ട് മികവും കേരളത്തിന് കരുത്താണ്. എം നിധീഷ്, ബേസിൽ തമ്പി തുടങ്ങിയവർ ബൗളിങ്ങിൽ തിളങ്ങേണ്ടതുണ്ട്.

മറുവശത്ത് ​ഗുജറാത്ത് ഇന്നിംഗ്സിനും 98 റൺസിനും സൗരാഷ്ട്രയെ തോൽപ്പിച്ചാണ് സെമി ബെർത്ത് ഉറപ്പിച്ചത്. ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയ് ഗുജറാത്ത് നിരയിൽ കളിക്കും. മറ്റൊരു സെമിയിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ വിദർഭയുമായി ഏറ്റുമുട്ടും. വിദര്‍ഭയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.