ഇരിക്കൂറിന് സ്നേഹ ഭൂമിക ഒരുക്കി വി സി ശൈലജ ടീച്ചർ
1 min read

ഇരിക്കൂർ : ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ പ്രധാനധ്യാപിക വി.സി ശൈലജ സ്കൂൾ അങ്കണത്തിൽ നിർമിച്ചു നൽകിയ സ്നേഹ ഭൂമിക – ശില്പസമുച്ചയ സമർപ്പണം ഹൃദയ മുദ്ര ചേർത്തു വച്ച് മലയാള ഭാഷാ പാഠശാല ഡയറക്ടർ ടി.പി. ഭാസ്ക്കരപ്പൊതുവാൾ നിർവ്വഹിച്ചു.ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം സി.വി. എൻ യാസിറ അധ്യക്ഷയായി.
ഇരിക്കൂറിൻ്റെ മത സാഹോദര്യവും വിദ്യാലയ ചരിത്രവും കലയും -കാൽപന്ത് കളിയാരവവും സമന്വയിക്കുന്ന രീതിയിലാണ് ശിൽപ്പം നിർമ്മിച്ചിട്ടുള്ളത്. കല്യാട് താഴത്തു വീട്ടിലെ കുഞ്ഞപ്പനമ്പ്യാർ സ്കൂളിനായി 10 ഏക്കർ സ്ഥലം ദാനം ചെയ്തതിനെ അടയാളപ്പെടുത്തുന്നതു കൂടിയാണ് ഈ ശില്പം. സംസ്ഥാന അധ്യാപക അവാർഡു ജേതാവുകൂടിയായ ടീച്ചറുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്ന ഇരിക്കൂറിൻ്റെ സാസ്കാരിക അടയാളമായി ഒരു ചുമർ ശിൽപ്പം ഒരുക്കുക എന്നത് . കോട്ടയത്തെ കലാകാരൻമാരായ ബിജു സി ഭരതൻ, സന്തോഷ് പാറയിൽ, സാബു രാമൻ എന്നിവർ ചേർന്നാണ് പ്രസ്തുത ശിൽപം ഒരുക്കിയത്.പി.ടി എ പ്രസിഡണ്ട് സഹീദ് കീത്തടത്ത്, സീനിയർ അസിസ്റ്റന്റ് എ.സി റുബീന,സ്റ്റാഫ് സെക്രട്ടറി കെ.പി സുനിൽകുമാർ , കല്യാട് താഴത്തുവീട് അംഗം വിനോദ് നായനാർ, സി.രാജീവൻ , കെ.കെ കുഞ്ഞിമായൻ, ഫാദർ . മേലേറ്റു കൊച്ചിയിൽ , കെ. പ്രസാദ്, എം വി മുരളീധരൻ എന്നിവർ സംസാരിച്ചു. മുൻ വർഷങ്ങളിലെ പോലെ എസ്എസ്എൽസി പരീക്ഷയെഴുതുന്ന മുഴുവൻ കുട്ടികൾക്കും ടീച്ചറുടെ വക അവരവരുടെ ഫോട്ടോ പതിച്ച മൊമൻ്റോ സമ്മാനമായി നൽകി പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള കരുത്ത് നൽകുവാനുള്ള ചടങ്ങു കൂടി ഫിബ്രവരി 21 ന് നടക്കും.
