കേരളത്തിൽ നിക്ഷേപം നടത്താൻ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകും: പീയുഷ് ഗോയൽ

1 min read
SHARE

കൊച്ചി: കേരളത്തിൽ നിക്ഷേപം നടത്താൻ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ. കേരള ആ​ഗോള നിക്ഷേപ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയിലും നിർമ്മാണ മേഖലയിലും കേരളം മുന്നോട്ട് കുതിക്കുകയാണ്.വികസനവും പാരമ്പര്യവും ഒരുമിച്ച് കൊണ്ടു പോകുന്ന സംസ്ഥാനമാണ് കേരളം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിനോദ സഞ്ചാരികൾ എത്തുന്നുവെന്ന് പറഞ്ഞ കേന്ദ്രമന്ത്രി പി രാജീവ്‌ പാർലമെന്റിലെ മികച്ച അംഗമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.സിൽവർലൈൻ പദ്ധതിയെയും യൂഷ് ഗോയൽ പരാമർശിച്ചു. സിൽവർ ലൈൻ യാത്രാ സമയം കുറയ്ക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കേരളത്തിന്റെ വികസനത്തിന്‌ ആവശ്യമായ പിന്തുണ നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഉൾപ്പടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഓൺലൈനായി പങ്കെടുത്തുകൊണ്ട് പറഞ്ഞു.ലോകത്താകെയുള്ള നിക്ഷേപകരെ ഒരുമിച്ച് ചേർക്കാനാണ് കേരള ആ​ഗോള നിക്ഷേപ ഉച്ചകോടി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ എത്തുന്ന നിക്ഷേപകർക്ക് സാങ്കേതികമായ പ്രതിസന്ധികൾ ഉണ്ടാകില്ല, നിക്ഷേപകർ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കേണ്ടി വരില്ല, നിക്ഷേപക സൗഹൃദം ഒരുക്കുന്നതിൽ സർക്കാറിന് വലിയ പങ്കുണ്ടെന്നും കേരള ആ​ഗോള നിക്ഷേപ ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറ‍ഞ്ഞു.

കൊച്ചിയിൽ രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഉച്ചകോടിക്കായി നിരവധി വ്യവസായ പ്രമുഖരും വിവിധ രാജ്യങ്ങളിൽ നിന്നുളള നിക്ഷേപകരുമാണ് എത്തിയിട്ടുളളത്. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്. 26 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളാണ് ഉച്ചകോടിയിൽ സന്നിഹിതരാകുന്നത്.സിംബാബ്‌വേ, ബഹ്റൈൻ, അബുദാബി തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിതലസംഘവും ജർമനി, വിയറ്റ്നാം, നോർവേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കാളികളാകും. ഷാർജ, അബുദാബി, ദുബായ് ചേംബർ ഓഫ് കൊമേഴ്സ്‌ ഉൾപ്പെടെയുള്ള വ്യവസായ, വാണിജ്യ സംഘടനകളും ഉച്ചകോടിയ്ക്കെത്തും. വിദേശ പ്രതിനിധികൾ അടക്കം 3000 പേർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ വിവിധ മേഖലകളെ കുറിച്ചുള്ള 30 സെഷനുകളും നടക്കും.