ഇന്ത്യയുടെ ബി ടീമിനോ സി ടീമിനോ വരെ ഇപ്പോഴത്തെ പാകിസ്‌താൻ ടീമിനെ തോൽപ്പിക്കാം; പരിഹാസവുമായി ഗാവസ്‌കർ
1 min read

തുടർച്ചയായ രണ്ട് മത്സരങ്ങളിലും തോൽവിയേറ്റുവാങ്ങി സ്വന്തം മണ്ണിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ നിന്നും പുറത്തായ പാകിസ്താൻ ടീമിനെ പരിഹസിച്ച് ഇന്ത്യൻ ഇതിഹാസവും കമന്ററേറ്ററുമായ സുനിൽ ഗാവസ്കർ. രാജ്യാന്തര ക്രിക്കറ്റിൽ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണ് പാകിസ്താനെന്നും ഇന്ത്യയുടെ ബി ടീമിനും ഒരു പക്ഷെ സി ടീമിന് പോലും ഒരുപക്ഷേ പാകിസ്താനെ തോൽപ്പിക്കാനായേക്കുമെന്നും ഗാവസ്കർ പറഞ്ഞു.’പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ ഫോം വച്ചു നോക്കിയാൽ ഇന്ത്യയുടെ ബി ടീമിനു പോലും അവരെ അനായാസം തോൽപ്പിക്കാം. ഒരുപക്ഷേ ഇന്ത്യയുടെ സി ടീമിനും ജയിക്കാൻ കഴിഞ്ഞേക്കും. എനിക്ക് ഉറപ്പില്ല. എന്തായാലും ഇന്ത്യയുടെ ബി ടീമിനെ തോൽപ്പിക്കാൻ പാകിസ്താൻ കുറച്ചധികം ബുദ്ധിമുട്ടേണ്ടി വരും’ – ഗാവസ്കർ പറഞ്ഞു.
പാകിസ്താൻ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ അമ്പരപ്പിക്കുന്നതാണെന്നും ഗാവസ്കർ ചൂണ്ടിക്കാട്ടി. ‘പാകിസ്താൻ ടീമിലെ മികവുറ്റ താരങ്ങളുടെ കുറവ് അദ്ഭുതകരമാണ്. ഒരുകാലത്ത് ഏറ്റവും മികച്ച സ്വാഭാവിക പ്രതിഭകൾക്ക് ജന്മം നൽകിയിരുന്ന ടീമാണ് പാകിസ്താൻ. സ്വാഭാവികം എന്നു പറയുമ്പോൾ അവർ സാങ്കേതികമായി അത്ര മികച്ചവരാകണമെന്ന് നിർബന്ധമില്ല. പക്ഷേ, ബാറ്റിങ്ങിലായാലും ബോളിങ്ങിലായാലും സ്വാഭാവികമായ ഒരു മികവ് അവർക്കുണ്ടാകും’ – ഗാവസ്കർ വിശദീകരിച്ചു.ഈ പ്രതിസന്ധി മറികടക്കാൻ ഇന്ത്യ ചെയ്യുന്ന പോലെ ആഭ്യന്തര ടൂർണമെന്റുകൾ സജീവമക്കാൻ പാകിസ്താൻ തയ്യാറാവണമെന്നും ഐപിഎൽ പോലെയുള്ള ലീഗുകൾ കാര്യക്ഷമമാക്കണമെന്നും ഗാവസ്‌കർ കൂട്ടിച്ചേർത്തു.
