മഞ്ഞക്കൊന്നയെ വേരടക്കം നശിപ്പിച്ച് കു‌ഞ്ഞൻ പ്രാണി, ഇപ്പോൾ ഭീഷണി മറ്റൊന്ന് , ആശങ്ക”

1 min read
SHARE

സുൽത്താൻ ബത്തേരി : സ്വാഭാവിക വനങ്ങളെ നശിപ്പിച്ച് കാടിനെ അതിവേഗം വിഴുങ്ങികൊണ്ടിരിക്കുന്ന സെന്നയെ (മഞ്ഞക്കൊന്ന) ഇല്ലാതാക്കാൻ കഴിയുന്ന കുഞ്ഞൻ പ്രാണി ഐലാൻഡ് പിൻഹോൾ ബോറെർ മറ്റ് മരങ്ങൾക്ക് ഭീഷണിയാകുമോയെന്ന് ആശങ്ക. മൂന്ന് പതിറ്റാണ്ട് മുമ്പാണ് സെന്നയെ വനവത്ക്കരണത്തിന്റെ ഭാഗമായി ലക്ഷങ്ങൾ മുടക്കി വയനാട് വന്യജീവി സങ്കേതത്തിൽ നട്ടുപിടിപ്പിച്ചത്. മഞ്ഞക്കൊന്ന കാണാൻ മനോഹരമാണെങ്കിലും സ്വാഭാവിക വനങ്ങളെ വിഴുങ്ങിയതോടെയാണ് ഇതിന്റെ തനിനിറം പുറത്ത് വന്നത്. മറ്റ് മരങ്ങൾക്കും ചെറിയ ചെടികൾക്കുമെല്ലാം വിനാശകാരിയായ മരമാണെന്ന് തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. അപ്പോഴെക്കും സെന്ന കാട് മുഴുവൻ വ്യാപിച്ചുകഴിഞ്ഞു. പിന്നെ ഇതിനെ”നശിപ്പിക്കാനുള്ള ശ്രമമായി. ലക്ഷങ്ങളാണ് അതിനായി മുടക്കിയത്. പടിച്ച പണി പതിനെട്ടും നോക്കിയിട്ടും സെന്നയെ പൂർണമായി നശിപ്പിക്കാനായില്ല. അതിനിടെയാണ് ഐലാൻഡ് പിൻഹോൾ ബോറെറിന്റെ കടന്ന് വരവ്.”പ്രാണികളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ സെന്നകൾ കരിഞ്ഞുണങ്ങിയതോടെയാണ് സെന്നയുടെ അന്തകനാണ് ഈ പ്രാണികളെന്ന് കണ്ടെത്തിയത്. ശാസ്ത്രജ്ഞരും വിദഗ്ദ്ധരും ഗവേഷകരും കാട്ടിലെത്തി പഠനം തുടങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇത് പിൻഹോൾ ബോറെറാണെന്ന് സ്ഥിരികരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സെന്നയിൽ ഇതുകൂട്ടത്തോടെ കയറികൂടി മരത്തിൽ ദ്വാരമുണ്ടാക്കി മുട്ടയിട്ടുകഴിയുന്നതായും മരത്തിന്റെ നീര് ഊറ്റിക്കുടിച്ചതായും കണ്ടത്. ഇത്തരത്തിൽ പ്രാണികൾ കയറികൂടിയ മരങ്ങളാണ് കരിഞ്ഞുണങ്ങിയതെന്ന് കണ്ടെത്തുകയും ചെയ്തു.”18 ദിവസം മാത്രം ആയുസും രണ്ട് മില്ലിമീറ്റർ നീളവുമുള്ള ഈ പ്രാണികൾക്കുള്ളത്. സെന്നയിൽ മാത്രമാണ് പ്രാണിയെ കണ്ടതെങ്കിലും മറ്റ് മരങ്ങളെയും നശിപ്പിക്കുമോ എന്ന കാര്യത്തിൽ ഒരു സ്ഥിരികരണവുമില്ല. സെന്നയെ കൊണ്ടുവന്നത് പോലെയാകുമോ പ്രാണിയുടെ വരവും എന്ന ചോദ്യമാണ് ഉയരുന്നത്.”