റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരി; പ്രശംസിച്ച് ശശി തരൂർ

1 min read
SHARE

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് ശശി തരൂര്‍ എംപി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്ന് ശശി തരൂര്‍ പറഞ്ഞു. കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നതായിരുന്നു തരൂരിന്‍റെ പ്രസ്താവന.

രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനവിര്‍ത്താൻ മോദിക്ക് കഴിഞ്ഞുവെന്നും ശശി തരൂർ പറഞ്ഞു. മോദിയുടെ നയത്തെ താൻ എതിര്‍ത്തത് അബദ്ധമായി. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചപ്പോൾ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ താൻ പാർലമെന്‍റിൽ വിമർശിച്ചിരുന്നു. എന്നാൽ തന്‍റെ അന്നത്തെ നിലപാട് തെറ്റായിരുന്നുവെന്ന് ബോധ്യമായതായും തരൂർ പറ‍ഞ്ഞു.ഒരേസമയം റഷ്യൻ പ്രസിഡന്‍റ് വ്ലാദിമീർ പുട്ടിനും യുക്രെയ്ൻ പ്രസിഡന്‍റ് വോളോദിമീർ സെലൻസ്കിക്കും സ്വീകര്യനായ നേതാവായി മാറാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞുവെന്നും രണ്ടിടത്തും അംഗീകരിക്കപ്പെടാൻ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടെന്നും തരൂർ പ്രശംസിച്ചു.

2022 ഫെബ്രുവരിയിൽ പാർലമെന്‍ററി ചർച്ചയിൽ ഇന്ത്യൻ നിലപാടിനെ വിമർശിച്ച ഒരാളാണ് താൻ. അതുകൊണ്ട് താൻ എന്‍റെ മുഖത്ത് പതിഞ്ഞ മുട്ട തുടയ്ക്കുകയാണും തരൂർ പറഞ്ഞു. രാജ്യ തലസ്ഥാനത്ത് നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്‍റെ പരാമർശം.

അതേസമയം തരൂരിന്‍റെ പ്രശംസ ബിജെപിയും ഏറ്റെടുത്തു. തരൂരിന്‍റെ നിലപാട് സാമൂഹ്യമാധ്യമങ്ങളിൽ ബിജെപി പ്രചരണായുധമാക്കി. തരൂരിനെ ടാഗ് ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എക്സിൽ അഭിനന്ദന കുറിപ്പുമിട്ടു.

റഷ്യ-യുക്രെയ്ൻ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്‍റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്നും സുരേന്ദ്രൻ എക്സിൽ കുറിച്ചു. മറ്റു കോണ്‍ഗ്രസുകാരിൽനിന്ന് വ്യത്യസ്തമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഗോളതലത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ ശശി തരൂര്‍ കാണുന്നത് സ്വാഗതാര്‍ഹമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.