ബിഹാറില്‍ കനയ്യ കുമാർ സന്ദർശിച്ച ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തി സംഘപരിവാര്‍
1 min read

ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിന്‍റെ സന്ദര്‍ശനത്തിനുശേഷം ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തി സംഘപരിവാര്‍. ബിജെപി ഇതര പാര്‍ട്ടികളിലുള്ളവരെ തൊട്ടുകൂടാത്തവരായി കണക്കാക്കുമോ എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കനയ്യ കുമാറിന്റെ രാഷ്ട്രീയത്തോടുള്ള നിരസിക്കലിന്‍റെ തെളിവാണിതെന്ന വിശദീകരണവുമായി ബിജെപിയും രംഗത്തെത്തി.
ബിഹാറിലെ പശ്ചിമ ചമ്പാരണ്‍ ജില്ലയില്‍ നിന്നും ആരംഭിച്ച കോണ്‍ഗ്രസ് നേതാവ് കനയ്യകുമാറിന്റെ പദയാത്ര സഹര്‍സ ജില്ലയിലെത്തിയപ്പോഴാണ് വിവാദ സംഭവം നടന്നത്. ബങ്കാവ് ഗ്രാമത്തിലെ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ സന്ദര്‍ശം നടത്തിയ ശേഷം പുറത്തിറങ്ങിയതിന് പിന്നാലെയാണ് സംഘപരിവാര്‍ ക്ഷേത്രം ശുദ്ധികലശം നടത്തിയത്. ഗംഗാ ജലം ഉപയോഗിച്ച് ക്ഷേത്രം കഴുകി വൃത്തിയാക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
വിഷയത്തില്‍ കോണ്‍ഗ്രസ് അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ആര്‍എസ്എസിനെയും ബിജെപിയെയും പിന്തുണയ്ക്കുന്നവര്‍ മാത്രമാണോ ഭക്തരെന്നും ബിജെപി ഇതര പാര്‍ട്ടിയിലുളളവര്‍ തൊട്ടുകൂടാത്തവരാണോ എന്നും കോണ്‍ഗ്രസ് വക്താവ് ഗ്യാന്‍ രഞ്ജന്‍ ഗുപ്ത പ്രതികരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതാവിന്റെ സന്ദര്‍ശനത്തിന് ശേഷം ഒരു ക്ഷേത്രം കഴുകിയാല്‍, അത് കനയ്യ കുമാറിന്റെ രാഷ്ട്രീയത്തോടുള്ള നിരസിക്കലിന്റെ തെളിവാണെന്ന് ബിജെപി വക്താവ് അസിത് നാഥ് തിവാരി തിരിച്ചടിച്ചു.
നഗര്‍ പഞ്ചായത്തിലെ വാന്‍ഗോണില്‍ നിന്നുള്ള വാര്‍ഡ് കൗണ്‍സിലര്‍ അമിത് ചൗധരിയുടെ നേതൃത്വത്തിലാണ് ക്ഷേത്രമുറ്റത്തും പ്രസംഗവേദിയിലും ശുദ്ധീകരണം നടത്തിയത്. കനയ്യകുമാറിനെതിരെ മുമ്പ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം ഹിന്ദുമതത്തിനെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നുമാണ് ബിജെപി നേതാവിന്റ വിശദീകരണം. ഇനിയും കനയ്യകുമാര്‍ എത്തിയാല്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുമെന്നും ബിജെപി വ്യക്തമാക്കി. അതേസമയം ക്ഷേത്രം കഴുകി വൃത്തിയാക്കുന്ന വിഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി കഴിഞ്ഞു.
