കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് അമ്പലവയല്‍ സ്വദേശി ഗോകുല്‍

1 min read
SHARE

വയനാട് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ഒരാള്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ ആണ് മരിച്ചത്. അഞ്ച് ദിവസം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഒപ്പം ഇയാളെ കാണാതായിരുന്നു. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ, ഇന്നലെയാണ്
ഇയാളെ കണ്ടെത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. കോഴിക്കോട് വനിതാ സെല്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഒപ്പം യുവാവും ഉണ്ടായിരുന്നു. വനിതാ സെല്ലാണ് കല്‍പ്പറ്റ പൊലീസിന് കൈമാറിയത്.

കഴിഞ്ഞ മാസം 27 ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി മിസ്സ് ആയതായി പരാതി കിട്ടിയിരുന്നുവെന്ന് വയനാട് എസ്പി തപോഷ് ബസുമതാരി പറഞ്ഞു. ഇന്നലെ കോഴിക്കോട് നിന്ന് പെണ്‍കുട്ടിയെയും ഗോകുല്‍ എന്ന യുവാവിനെയും പിടികൂടി. രാത്രി 11 മണിയോടെ പെണ്‍കുട്ടിയെ സഖിയിലേയ് മാറ്റി. യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ സ്റ്റേഷനില്‍ നിലനിര്‍ത്തി. 7.45 ന് ബാത്റൂമില്‍ പോകാന്‍ ആവശ്യപ്പെട്ടു. പിന്നീട്, ഷര്‍ട്ട് ഉപയോഗിച്ച് തുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗോകുലിനെ പ്രതി ചേര്‍ത്തിട്ടില്ല. ഗോകുല്‍ ബാത്റൂമില്‍ പോകുമ്പോള്‍ ഗാര്‍ഡ് കൂടെ ഉണ്ടായിരുന്നു. 8 മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് – അദ്ദേഹം വിശദമാക്കി.

ഇന്ന് രാവിലെയാണ് ശുചിമുറിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫുള്‍കൈ ഷര്‍ട്ടാണ് ഇയാള്‍ ധരിച്ചിരുന്നത്. ഇതില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.