വാഴക്കർഷകരെ ആശങ്കയിലാക്കി നേന്ത്രക്കായക്ക് കുമിൾ രോഗം

1 min read
SHARE

ഇരിട്ടി: കലാവസ്ഥാ വ്യതിയാനം നേന്ത്രക്കായക്ക് ഉണ്ടാക്കിയ പ്രത്യേക കുമിൾ രോഗം വാഴക്കർഷകരെ ആശങ്കയിലാക്കുന്നു. മികച്ച വില ലഭിക്കേണ്ട സമയത്താണ് നേന്ത്രക്കായയുടെ വില ക്രമാതീതമായി താഴുന്നത്. കിലോയ്ക്ക് 55 രൂപ വരെ ലഭിച്ച സ്ഥാനത്ത് ഇപ്പോൾ 40 രൂപയാണ് വില. കായയുടെ അറ്റം ഉണങ്ങി കരിഞ്ഞ് പോകുന്ന രോഗമാണ് ഇപ്പോൾ വ്യാപകമായി കാണുന്നത്. ഇത്തരം രോഗം ബാധിച്ച കായ കറുത്ത് എളുപ്പം നശിച്ചു പോകുന്നു. രുചി വ്യത്യാസവും അനുഭവപ്പെടുന്നതിനാൽ ഇത്തരം കുലകൾ വിപണന കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുകയാണ്. രോഗം ബാധിച്ച തോട്ടങ്ങളിൽ പലതിലും മൂപ്പെത്തുന്നതിന് മുന്നേ കായകൾ പഴുത്ത് തുടങ്ങുകയാണ്. സിഗർ എൻഡ് റോട്ട് എന്ന കുമിൾ രോഗമാണിതെന്നും ഇതിനെ പ്രതിരോധിക്കാൻ മാങ്കോസെബ് മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ കാർബന്റാസിം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കുക ആണ് വേണ്ടതെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു.