നിരീക്ഷണ ക്യാമറകളെത്തി; തലശ്ശേരി കടല്‍ത്തീരത്തെ മാലിന്യം തള്ളല്‍ നിലച്ചു
1 min read

തലശ്ശേരി : നിരീക്ഷണ കാമറകള്‍ വന്നതോടെ തലശ്ശേരി കടല്‍ത്തീരത്തെ മാലിന്യം തള്ളലിന് അറുതിയായി. മാർച്ച് 27നാണ് കടല്‍ത്തീരത്ത് അത്യാധുനിക നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്.
ഒരു ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് റീഡിങ്ങ് കാമറ ഉള്‍പ്പെടെ അഞ്ച് കാമറകളാണ് തലശ്ശേരി കടല്‍പ്പാലം മുതല്‍ മത്സ്യമാർക്കറ്റ് വരെയുള്ള പരിധിയില്‍ സ്ഥാപിച്ചത്.
മാലിന്യം തളളുന്നവരെ കണ്ടെത്തി പിഴ ഉള്‍പ്പെടെ കർശന നടപടികള്‍ ചുമത്തുന്നതിന് നഗരസഭയാണ് കാമറകള്‍ സ്ഥാപിച്ചത്.കടല്‍പാലം പരിസരത്തെ പൊലീസ് എയ്ഡ് പോസ്റ്റിലാണ് കാമറയിലെ നിരീക്ഷണം നടക്കുന്നത്.
വാഹനങ്ങളില്‍ കൊണ്ടുവന്നാണ് കാലങ്ങളായി കടല്‍ത്തീരത്ത് ആളുകള്‍ മാലിന്യം തളളിയിരുന്നത്. അറവുമാലിന്യങ്ങളും ആഴുകിയ പഴവർഗങ്ങളും ഹോട്ടല്‍ മാലിന്യങ്ങളുമടക്കം ഇവിടെ നിക്ഷേപിക്കുന്നത് പതിവായിരുന്നു. ഇക്കാരണത്താല്‍ കടല്‍ത്തീരത്ത് നായ ശല്യവും വ്യാപകമാണ്.കടല്‍ക്കരയില്‍ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാൻ നഗരസഭ അധികൃതർ മുന്നോട്ടുവന്നത്.
വ്യാപാരികളുടെ സഹകരണത്തോടെയാണ് കാമറകള്‍ സ്ഥാപിച്ചത്. കാമറയില്‍ കുടുങ്ങി പിടിവീഴുമെന്ന് തോന്നിയതോടെ മാലിന്യം തളളുന്നവർ പിറകോട്ടു വലിഞ്ഞു. തമിഴ് നാട്ടില്‍ നിന്നടക്കം മത്സ്യം കയറ്റിയെത്തുന്ന ലോറിയുള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്നുള്ള മലിന ജലം കടപ്പുറം റോഡില്‍ ഒഴുക്കിവിടുന്നതിനും നിരീക്ഷണ കാമറകള്‍ വന്നതോടെ പരിഹാരമായി. മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങളില്‍ നിന്നുള്ള മലിനജലം പുറത്തേക്കൊഴുക്കുന്നതും ഇവിടെ പതിവായിരുന്നു.
മലിനജലം കുത്തിയൊഴുകിയ റോഡുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ക്ലീനാണ്. പൊലീസിന്റെ സഹായത്തോടെയാണ് കടല്‍തീരത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ നടപടി കർശനമാക്കിയത്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പൊലീസിനും നിർദേശം നല്‍കിയിട്ടുണ്ട്.
