ബാബ വാംഗയുടെ 2025ലെ ആ പ്രവചനം സത്യമായി!’ ഈ വര്‍ഷത്തെ മറ്റ് പ്രവചനങ്ങള്‍ തേടി സോഷ്യല്‍ മീഡിയ

1 min read
SHARE

ബള്‍ഗേറിയയില്‍ ഭാവി പ്രവചനം നടത്തിയിരുന്ന വ്യക്തിയായിരുന്നു ബാബ വാംഗ. ബാല്‍ക്കനിലെ നോസ്ട്രഡാമസ് എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. 1996ലായിരുന്നു ഇവരുടെ മരണം. ഇതിന് മുമ്പ് ഇവര്‍ നടത്തിയിട്ടുള്ള പല പ്രവചനങ്ങളും വാര്‍ത്തകള്‍ ഇടം നേടിയിട്ടുണ്ട്. 9/11 ആക്രമണം, ഡയാന രാജകുമാരിയുടെ മരണം തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവര്‍ പ്രവചിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

2025ല്‍ സംഭവിക്കുമെന്ന് ഇവര്‍ പ്രവചിച്ചിരുന്ന ചില കാര്യങ്ങള്‍ സത്യമായെന്ന തരത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 2025ല്‍ ഭൂമിയില്‍ ‘ഭീകര ഭൂകമ്പങ്ങള്‍’ ഉണ്ടാകുമെന്ന് ബാബ വാംഗ പ്രവചിച്ചിരുന്നു. ഈ ആഴ്ച മ്യാന്‍മറിലുണ്ടായ ശക്തമായ ഭൂകമ്പം വാംഗയുടെ പ്രവചനവുമായി ബന്ധിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഇപ്പോള്‍.

ഇതോടെ 2025ലെ വാംഗയുടെ മറ്റ് പ്രവചനങ്ങള്‍ എന്തൊക്കെയാണെന്നും ആളുകള്‍ അന്വേഷിച്ച് തുടങ്ങി. യൂറോപ്പില്‍ ഒരു യുദ്ധമുണ്ടാകുമെന്നതാണ് വാംഗയുടെ പ്രവചനങ്ങളില്‍ ഒന്ന്. മാത്രമല്ല ആഗോള സാമ്പത്തിക ദുരന്തമുണ്ടാകുമെന്നും, മനുഷ്യരാശിയുടെ തകര്‍ച്ച ആരംഭിക്കുമെന്നും പ്രവചനമുണ്ട്. 5079ല്‍ ലോകം അവസാനിക്കുമെന്നാണ് ബാബ വാംഗയുടെ പ്രവചനങ്ങളില്‍ അവകാശപ്പെടുന്നത്.

 

2033ല്‍ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികള്‍ ഉരുകുന്നത് ആഗോള സമുദ്രനിരപ്പില്‍ ഗണ്യമായ വര്‍ധനവിന് കാരണമാകുമെന്നാണ് മറ്റൊരു പ്രവചനം. 2076ല്‍ ലോകമെമ്പാടുമുള്ള ഒന്നിലധികം രാജ്യങ്ങളില്‍ കമ്മ്യൂണിസം വ്യാപിക്കും. 2130ല്‍ അന്യഗ്രഹ ജീവികളുമായി മനുഷ്യര്‍ ബന്ധം സ്ഥാപിക്കും. 2170ഓടെ വ്യാപകമായ വരള്‍ച്ചയുണ്ടാകും ഇത് ഭൂമിയെ സാരമായി ബാധിക്കും. 3005ല്‍ ചൊവ്വയിലെ ഒരു നാഗരിക വിഭാഗവുമായി ഭൂമിയിലെ മനുഷ്യര്‍ യുദ്ധത്തിലേര്‍പ്പെടും. 3797ഓടെ ഭൂമി വാസയോഗ്യമല്ലാതാകും, ഇതോടെ മനുഷ്യര്‍ ഭൂമി വിട്ടുപോകാന്‍ നിര്‍ബന്ധിതരാകും. എന്നിങ്ങനെയാണ് ബാബ വാംഗയുടെ പ്രവചനങ്ങള്‍.