‘മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണം; പ്രതിഷേധം കടുപ്പിക്കും’; വിഡി സതീശൻ

1 min read
SHARE

വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണമെന്ന് വിഡി സതീശൻ‌ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ മക്കളെ കേട്ടതിനുശേഷം ആണ് അവരെ പ്രതി പട്ടികയിൽ ചേർത്തതെന്ന് അദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി രാജിവയ്ക്കാതെ തുടർന്നാൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. തെറ്റായ കാര്യങ്ങളാണ് നടന്നത്. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട കേസ് ആണിതെന്ന് വിഡി സതീശൻ പറ‍ഞ്ഞു. കോടിയേരി ബാലകൃഷ്ണനോടും പിണറായിയോടും രണ്ട് നീതിയാണ് പാർട്ടിക്ക്. കോടിയേരിയുടെ മകൻ കേസിൽ പെട്ടപ്പോൾ പാർട്ടി മാറി നിന്നു. പക്ഷേ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേസ് വന്നപ്പോൾ പാർട്ടി ഒപ്പം നിൽക്കുകയാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.

കേസ് ഇഡിയും അന്വേഷിക്കേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മറ്റ് പാർട്ടി നേതാക്കളെ കുറിച്ചുള്ള ആരോപണം തെരഞ്ഞെടുപ്പിലേക്ക് ഫണ്ട് സ്വീകരിച്ചു എന്നാണ്. അതെന്താ തെറ്റാണോ എന്ന് വി ഡി സതീശൻ ചോദിച്ചു. മുനമ്പം വിഷയത്തിലും അദേഹം പ്രതികരിച്ചു. മുനമ്പത്തെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന വിഡി സതീശൻ പറ‍ഞ്ഞു. വഖഫ് ബില്ലിൽ നിലപാട് കൃത്യമായി പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. ഇനി ചർച്ച് ബിൽ വന്നാലും ഉറച്ച നിലപാട് തന്നെയായിരിക്കും. ആ ബില്ല് പാസാക്കിയതുകൊണ്ട് മുനമ്പത്തെ പ്രശ്നമില്ലാതാകുമോയെന്ന് വിഡി സതീശൻ‌ ചോദിച്ചു.

സുരേഷ് ​ഗോപിയെ വിഡി സതീശൻ വിമർശിച്ചു. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാണ് സിനിമ താരം അല്ല. തൃശൂർ ജില്ലയിൽ നിന്നുള്ള ഒരു വൈദികനാണ് ജബൽപൂരിൽ ആക്രമിക്കപ്പെട്ടത്. സ്വർണ്ണകിരീടവുമായി പള്ളിയിൽ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പോയാൽ പോരാ. ഇതിനു മറുപടി പറയണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.