യാത്രാസമയം ഒരു മണിക്കൂറില്‍ നിന്ന് 1 മിനിറ്റായി കുറയ്ക്കുന്ന ചൈനയിലെ പാലം; ലോകത്തിലെ ഏറ്റവും ഉയരമുള്ളത്

1 min read
SHARE

മലകള്‍ക്കിടയില്‍ രണ്ട് മൈല്‍ അതായത് മൂന്ന് കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന പാലം, ലോകത്തിലെ ഏറ്റവും ഉയരമുള്ളത്. ചൈനയിലെ ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലം ജൂണില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാനാണ് തീരുമാനം. ഗുയിസു പ്രവിശ്യയിലെ രണ്ട് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം സഞ്ചാരയോഗ്യമാകുന്നതോടെ ഒരു മണിക്കൂര്‍ ഉണ്ടായിരുന്ന യാത്രാസമയം ഒരു മിനിറ്റായി കുറയും.ഏകദേശം 2200 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലമെന്ന റെക്കോര്‍ഡ് കൂടി ഈ പാലം സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈഫല്‍ ടവറിനേക്കാള്‍ 200 മീറ്ററിലധികം ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. 625 മീറ്ററാണ് പാലത്തിന്റെ ഉയരം. 2890 മീറ്ററാണ് നീളം. ഒരു എഞ്ചിനീയറിങ് വിസ്മയം തന്നെയാണ് ചൈനയിലെ ഈ പാലമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.പാലത്തിന്റെ സ്റ്റീല്‍ ട്രസ്സുകള്‍ക്ക് ഏകജേശം 22,000 മെട്രിക് ടണ്‍ ഭാരമുണ്ടെന്നും ഇത് മൂന്ന് ഈഫല്‍ ടവറുകള്‍ക്ക് തുല്യമാണെന്നും ചീഫ് എഞ്ചിനീയര്‍ ലീ സാവോ പറഞ്ഞു. ഓരോ ഘട്ടത്തിലും നിര്‍മ്മാണം പുരോഗമിച്ച്, ഒടുവില്‍ മലയിടുക്കിന് മുകളില്‍ പാലം തലയെടുപ്പോടെ നില്‍ക്കുന്നത് കാണുമ്പോള്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം പാലത്തെ വിനോദസഞ്ചാരത്തിന്റെ ഒരു പ്രധാന ഭാഗമായി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഗ്ലാസ് വാക്ക്‌വേ, ഏറ്റവും ഉയരമുള്ള ബഞ്ചീ ജംപ് ഏരിയ എന്നിവയ്‌ക്കൊപ്പം പലത്തിനടുത്തായി താമസ സൗകര്യങ്ങളൊരുക്കാനും പദ്ധതിയുള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.