April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 21, 2025

ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

1 min read
SHARE

ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി ഒരു തുക പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ രാപകൽ സമരം ചെയ്യുന്ന ആശാ വർക്കേഴ്സിന്റെ സമരം നാലാം ഘട്ടത്തിലേക്ക്. സെക്രട്ടേറിയറ്റിന് മുൻപിലെ രാപകൽ അതിജീവന സമരത്തോടൊപ്പം, സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന വിധത്തിൽ ആശമാരുടെ രാപകൽ സമര യാത്ര ആരംഭിക്കും. മെയ് 5 മുതൽ കാസർകോട് നിന്നും ആരംഭിച്ച് ജൂൺ 17 തിരുവനന്തപുരത്ത് യാത്ര സമാപിക്കും. രണ്ടോ മൂന്നോ ദിവസങ്ങൾ ഓരോ ജില്ലകളിലും സഞ്ചരിക്കുന്ന ഈ സമരയാത്ര രാത്രികളിൽ സെക്രട്ടേറിയേറ്റിനു മുമ്പിലെ രാപകൽ സമരത്തിന് സമാനമായി തെരുവുകളിൽ തന്നെ അന്തിയുറങ്ങും. യാത്രയെ KAHWA ജനറൽ സെക്രട്ടറി എം എ ബിന്ദു ആയിരിക്കും നയിക്കുക. ലോക തൊഴിലാളി ദിനത്തിൽ യാത്ര സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ, അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് കൊണ്ടാണ് സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അധ്വാനിക്കുന്നവരുടെ അവകാശങ്ങൾ പ്രത്യേകിച്ച്, സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും സ്ഥാപിച്ചെടുക്കാൻ ജനാധിപത്യവിരുദ്ധ സംസ്കാരം പ്രകടിപ്പിക്കുന്ന ഒരു സർക്കാരിൻ്റെ മുമ്പിൽ നടത്തുന്ന ഈ സമരയാത്രയെ പൊതുസമൂഹം നിസ്സീമമായി സഹായിക്കും എന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് എം എ ബിന്ദു വ്യക്തമാക്കി.ഓരോ ജില്ലകളിലും തങ്ങളെ പിന്തുണയ്ക്കുന്ന നൂറുകണക്കിനുള്ള സാമൂഹ്യ സാംസ്കാരിക സംഘടനകൾ, വ്യക്തികൾ, മത-സമുദായിക വ്യക്തിത്വങ്ങൾ, വിവിധതലത്തിലുള്ള ജനപ്രതിനിധികൾ, തൊഴിലാളികൾ, യുവാക്കൾ തുടങ്ങിയവരൊക്കെ മുൻകൈയെടുത്തുകൊണ്ട് സമരയാത്രയെ സ്വീകരിക്കുവാൻ ജില്ലാതല സ്വാഗത സംഘങ്ങൾ രൂപീകരിക്കും. 14 ജില്ലകളിലെയും വിവിധ നഗരങ്ങളിൽ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളിൽ ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ വ്യക്തികൾ പങ്കെടുക്കും. 45 ദിവസങ്ങൾ യാത്ര ചെയ്തു സമരയാത്ര ജൂൺ 17ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പിൽ എത്തിച്ചേരുമ്പോൾ സംസ്ഥാനത്തെ ആശാപ്രവർത്തകർ ഒന്നടങ്കം ഈ സമരയാത്രയിൽ അണിചേരും.