വിഴിഞ്ഞം തുറമുഖം കണ്ട് അത്ഭുതപ്പെട്ടു, എല്ലാ സർക്കാരും ആഗ്രഹിച്ച പ്രോജക്ട്: ശശി തരൂർ എം പി
1 min read

മെയ് 2 ന് കമ്മീഷൻ ചെയ്യപ്പെടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിച്ച് ഡോ. ശശി തരൂർ എം പി. വിഴിഞ്ഞം തുറമുഖം കണ്ട് അത്ഭുതപ്പെട്ടുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ സർക്കാരും ആഗ്രഹിച്ച പ്രോജക്ടാണ് ഇത്. ഉമ്മൻചാണ്ടി സർക്കാർ പദ്ധതി തുടങ്ങി. പിണറായി സർക്കാർ നന്നായി മുന്നോട്ടു കൊണ്ടുപോയി. കേന്ദ്രസർക്കാറിന്റെ പിന്തുണയും നന്നായി ലഭിച്ചു. വികസന കാര്യത്തിൽ രാഷ്ട്രീയമല്ല രാഷ്ട്രമാണ് വേണ്ടത്. അതിനു മാതൃകയാണ് വിഴിഞ്ഞം പദ്ധതിയുടെ വിജയം.
വയബിലിറ്റി ഗ്യാപ് ഫണ്ട് ലോണാക്കി മാറ്റിയതിൽ ഇപ്പോഴും എതിർപ്പ് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതി. എല്ലാ പാർട്ടികളുടെയും പങ്കാളിത്തം ഇവിടെയുണ്ട്. കേരളത്തിലെ വികസനത്തിന് എല്ലാവരും എപ്പോഴും ഒന്നിച്ചു നിൽക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായി എന്നത് വാസ്തവമെന്നും അദ്ദേഹം പ്രതികരിച്ചു. സുരക്ഷാ ചർച്ച വേണ്ട എന്ന് താൻ പറഞ്ഞിട്ടില്ല. അതിനുള്ള അവസരം ഇപ്പോഴല്ല എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് എല്ലാവരും സർക്കാരിനൊപ്പം ഭാരതത്തിന്റെ പതാകക്ക് പിന്നിൽ നിൽക്കണം. അതിന് ശേഷം ചർച്ചയാവാം.
ഷാജി എൻ കരുണിന്റെ നിര്യാണത്തിൽ അദ്ദേഹം അനുശോചനവും രേഖപ്പെടുത്തി. ഷാജി എൻ കരുൺ രാജ്യത്തെ 5 സംവിധായകരുടെ പേരെടുത്താൽ അതിൽ ഒരാളാണ്. ശരിക്കും മഹാനായ സംവിധായകനാണ് നമ്മുടെ വിട്ടുപോയത്. കേരളത്തിന്റെയും ഭാരതത്തിന്റെയും ലോകസിനിമയുടെയും നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
