ദമ്പതികളുടെ ബാഗേജ് തുറന്നപ്പോൾ കസ്റ്റംസ് ഞെട്ടി; ഉള്ളിൽ ഹയാസിദ് മക്കാവും ടാമറിൻ കുരങ്ങുകളും
1 min read

തായ്ലാൻഡിൽ നിന്ന് വന്യജീവികളുമായി വിമാനത്തിലെത്തിയ ദമ്പതികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. പത്തനംതിട്ട സ്വദേശി ജോബ്സൺ ജോയ് (28), ഭാര്യ ആര്യമോൾ (28) എന്നിവരെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. വന്യജീവി സംരക്ഷണനിയമം ലംഘിച്ചതിനാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം തായ് എയർവേസ് വിമാനത്തിലാണ് ഇവർ വന്യജീവികളെ കൊണ്ടുവന്നത്. ഇവരുടെ ബാഗേജിൽ 6 വന്യജീവികളുണ്ടായിരുന്നു. വെളുത്ത ചുണ്ടുള്ള 2 ടാമറിൻ കുരങ്ങുകൾ, തത്ത ഇനത്തിൽപ്പെട്ട നീലനിറമുള്ള ഒരു ഹയാസിദ് മക്കാവ്, മൂന്ന് മർമോസെറ്റ് കുരങ്ങുകൾ എന്നിവയെയാണ് ഇവർ കൊണ്ടുവന്നത്.
വന്യജീവികളെ ഒരു പെട്ടിയിലാക്കിയ ശേഷം ബാഗേജിൽ ഒളിപ്പിക്കുകയായിരുന്നു. എയർപോട്ടിലെത്തുമ്പോൾ ഒരാൾ വന്യജീവികളെ ഏറ്റുവാങ്ങുമെന്നാണ് ഇവരെ അറിയിച്ചിരുന്നത്. ദമ്പതികളെയും വന്യജീവികളേയും വനംവകുപ്പിന് കൈമാറി. അന്താരാഷ്ട്ര തലത്തിലുള്ള വൻ റാക്കറ്റ് ഇതിന് പിന്നിലുണ്ടെന്നാണ് സംശയം. കൊണ്ടുവന്ന ജീവികള്ക്കാകട്ടെ ലക്ഷങ്ങൾ വില വരും.
