July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 7, 2025

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ബൃഹദ് പദ്ധതി

1 min read
SHARE

 

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ ഗവേഷണം, ഇന്നവേഷൻ, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇതു സംബന്ധിച്ച് തയ്യാക്കിയ കൺസെപ്റ്റ് നോട്ട് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ അധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അംഗീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിന് കേപ്പ് അധികൃതരെ ചുമതലപ്പെടുത്തി. സഹകരണ വകുപ്പുമന്ത്രിയുമായും കിഫ്ബി സി.ഇ.ഒയുമായും നിയമസഭാ സ്പീക്കർ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേപ്പിന് കീഴിലുള്ള തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിന്റെ സമഗ്ര വികസനത്തിന് പദ്ധതി ആവിഷ്‌കരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ആധുനിക ലോജിസ്റ്റിക്സ് സാങ്കേതിക വിദ്യകൾ എന്നീ മേഖലകളിൽ വിദ്യാർഥികൾക്ക് മികച്ച പ്ലേസ്‌മെന്റ് ഉറപ്പാക്കും. സമഗ്രമായ സ്റ്റാർട്ടപ്പ് പിന്തുണയിലൂടെ വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി വളർത്തിയെടുത്ത് സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനുള്ള കേന്ദ്രമാക്കി കോളേജിനെ മാറ്റും. നൂതന സാങ്കേതിക വിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പശ്ചാത്തല വികസനമുൾപ്പെടെ 50 കോടി രൂപയുടെ പ്രൊപ്പോസൽ കിഫ്ബി സഹായത്തോടെ നടപ്പാക്കും. കൂടാതെ തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് (കെഎഎസ്ഇ) മുഖേനെ സ്‌കിൽ ഡെവലപ്മെന്റിന് പ്രോജക്ട് ആവിഷ്‌കരിക്കുന്നതും ആലോചിക്കും. ജൂലൈ 25 ന് വീണ്ടും യോഗം ചേർന്ന് കിഫ്ബിക്ക് പ്രോപ്പോസൽ സമർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

കേപ്പ് ഡയറക്ടർ ഡോ. താജുദീൻ അഹമ്മദ്, ജോയിന്റ് ഡയറക്ടർ ഡോ. എസ്. ജയകുമാർ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, സഹകരണ വകുപ്പുമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ദീപു പി നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോൻ, എസ്.കെ അർജ്ജുൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.