May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 3, 2026

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം; അഞ്ചംഗ സംഘം പിടിയിൽ

SHARE

തിരുവനന്തപുരത്ത് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ച സംഘം അറസ്റ്റിൽ. എസ് എസ് കോവിൽ റോഡിൽ എറണാകുളം സ്വദേശിയെ തടഞ്ഞുനിർത്തി പണം തട്ടിയ അഞ്ചംഗസംഘത്തെ തമ്പാനൂർ പൊലീസാണ് പിടികൂടിയത്. പൊലീസിന് നേരെ കത്തിവീശിയ പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് എസ് എസ് കോവിൽ റോഡിലും തമ്പാനൂർ ഓവർ ബ്രിഡ്ജ് പരിസരത്തുമായി നിരവധി പേരെ പ്രതികൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയത്. പഴ്സും പണവും മൊബൈലും ഉൾപ്പെടെ പ്രതികൾ തട്ടിയെടുത്തു. പണം നഷ്ടപ്പെട്ട എറണാകുളം സ്വദേശി വിവരമറിയിച്ചതിനെ തുടർന്ന് തമ്പാനൂർ പൊലീസ് സ്ഥലത്തെത്തി.

പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിന് നേരെയും സംഘം കത്തി വീശി. പുലർച്ചെ ഒരു മണിയോടെ തമ്പാനൂർ എസ് എച്ച് ഒ ജിജു കുമാറിന്റെ നേതൃത്വത്തിൽ ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ പൊലീസ് കീഴ്പെടുത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാരയ്ക്കമണ്ഡപം സ്വദേശി ദസ്തകീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്.

ദസ്തകീറിനെ കൂടാതെ റസൽപുരം സ്വദേശി ജിത്തു, വള്ളക്കടവ് സ്വദേശി ബിജു, കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി രാജീവ്, എഴുകോൺ സ്വദേശി ബിജു എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. ജിത്തുവാണ് പൊലീസിന് നേരെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

നെയ്യാറ്റിൻകര, നേമം തമ്പാനൂർ, കന്റോൺമെന്റ് ഉൾപ്പെടെ ഏഴോളം പൊലീസ് സ്റ്റേഷനുകളിലായി ഒമ്പതോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് ദസ്തകീർ. ഇൻസ്പെക്ടർ ജിജു കുമാറിനൊപ്പം എസ് ഐ സന്തോഷ് കുമാർ, സിപിഒ മാരായ അരുൺ കുമാർ, ശരത് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.