December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 5, 2025

പൊന്നാക്കി മാറ്റിയ അമ്മ റോളുകള്‍ മാത്രമല്ല; പ്രതിഭ തെളിയിക്കുന്ന അനവധി വേഷങ്ങള്‍; കവിയൂര്‍ പൊന്നമ്മ വിട പറഞ്ഞിട്ട് ഒരു വര്‍ഷം

SHARE

കവിയൂര്‍ പൊന്നമ്മ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. അസാധാരണമായ അഭിനയശേഷിയുള്ള താരമായിരുന്നു കവിയൂര്‍ പൊന്നമ്മ. ആറ് പതിറ്റാണ്ടുകള്‍ നിറഞ്ഞ അഭിനയജീവിതത്തിലെ ആദ്യകാലങ്ങളില്‍ വേറിട്ട വേഷങ്ങള്‍ ചെയ്ത പൊന്നമ്മ, പില്‍ക്കാലത്ത് അമ്മ റോളുകളിലേക്ക് മാത്രം ഒതുങ്ങുകയായിരുന്നു.അമ്മ വേഷങ്ങളില്‍ മാത്രം ഓര്‍ക്കപ്പെടേണ്ട ഒരു അഭിനേത്രിയായിരുന്നില്ല കവിയൂര്‍ പൊന്നമ്മ. നിര്‍മ്മാല്യത്തിലെ നാരായണിയും അവളുടെ രാവുകളിലെ ലക്ഷ്മിയും ക്രോസ് ബെല്‍റ്റിലെ പട്ടാളം ഭവാനിയും കവിയൂര്‍ പൊന്നമ്മയുടെ വ്യത്യസ്ത റോളുകളുടെ ചില ഉദാഹരണങ്ങളാണ്. എണ്‍പതുകളോടെ പൂര്‍ണമായി അമ്മ വേഷങ്ങളിലേക്ക് മാറിയതോടെ വാത്സല്യത്തിന്റെയും മാതൃത്വത്തിന്റെയും അമ്മമുഖമായി കവിയൂര്‍ പൊന്നമ്മ മാറി.

പത്തനംതിട്ടയിലെ കവിയൂരില്‍ ജനിച്ച പൊന്നമ്മയ്ക്ക് സംഗീതത്തിലായിരുന്നു അഭിരുചി. പതിനാലാം വയസ്സില്‍ പ്രതിഭ ആര്‍ട്ട്‌സിന്റെ നാടകങ്ങളില്‍ ഗായികയായി കലാരംഗത്തെത്തിയ പൊന്നമ്മ, തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. 1962ല്‍ ശ്രീരാമ പട്ടാഭിഷേകത്തിലൂടെ സിനിമയിലേക്ക് പ്രവേശിച്ചു.

1965ല്‍ തൊമ്മന്റെ മക്കള്‍ എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി ഇരുപതാം വയസ്സില്‍ ആദ്യ അമ്മ വേഷം. കുടുംബിനിയിലെ അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പല പ്രമുഖ താരങ്ങളുടേയും അമ്മയായി അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ ലാലിനൊപ്പമുള്ള അമ്മ വേഷങ്ങള്‍ തരംഗമായി. അമ്പതോളം സിനിമകളില്‍ മോഹന്‍ ലാലിന്റെ അമ്മയായി പൊന്നമ്മ.

തനിയാവര്‍ത്തനത്തില്‍ വിഷം കലര്‍ത്തിയ ചോറ് മകന് നല്‍കുന്ന അമ്മയെ മറക്കാന്‍ മലയാളിക്കാവില്ല. കഥാപാത്രത്തിന്റെ ഭാവം അതേ അളവില്‍ പ്രകടിപ്പിക്കാന്‍ പോന്ന ശബ്ദനിയന്ത്രണപാടവം കവിയൂര്‍ പൊന്നമ്മ എന്ന അഭിനേത്രിയെ വേറിട്ടുനിര്‍ത്തി. മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം നാല് തവണ ലഭിച്ചിട്ടുണ്ട്.