‘കുഞ്ഞു വേണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു; അടുത്ത ജന്മത്തിലെങ്കിലും അത് സാധിക്കണം’: ജുവൽ മേരി

മലയാളികൾക്ക് പ്രിയങ്കരിയാണ് നടിയും അവതാരകയുമായ ജുവൽ മേരി. വ്യക്തി ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധിയെ കുറിച്ച് ജുവലിന്റെ വാക്കുകൾ ആരാധകർ ഇന്നും മറന്നുകാണില്ല. 2024-ല്‍ വിവാഹമോചിതയായെന്നും തനിക്ക് കാന്‍സര്‍ ബാധിച്ചിരുന്നുവെന്നും ജുവല്‍ മേരി പറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മയാകാൻ ആഗ്രഹിച്ചതിനെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിങ്ക് പോഡ‍്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
മൂന്ന് വർഷം വിവാഹമോചന കേസ് നീണ്ടുനിന്നു. ആദ്യ ആഴ്ചകളിൽ കോടതിയിൽ പോകുന്നത് ആലോചിച്ച് ഉറക്കം പോകും. ഡിവോഴ്സ് മ്യൂചൽ ആയത് ഏറ്റവും അവസാനത്തെ സ്റ്റേജിലാണ്. അതിന് മുമ്പ് ഡിവോഴ്സിന് വേണ്ടി താൻ ഒരുപാട് പോരാടിയിട്ടുണ്ട്. പിന്നെ താൻ കോടതിയിൽ ഫുൾ മേക്കപ്പിൽ സാരിയൊക്കെ ഉടുത്ത് കിലുങ്ങുന്ന പാദസ്വരമൊക്കെയിട്ട് പോകാൻ തുടങ്ങി. തനിക്കിത് വിഷയമല്ല എന്ന സ്റ്റേജിൽ എത്തിയെന്നും ജുവൽ മേരി പറയുന്നു.
തനിക്കിതുവരെ കുഞ്ഞുണ്ടായിട്ടില്ല. ഉള്ളിന്റെ ഉള്ളിൽ ഭയങ്കര ആഗ്രഹമായിരുന്നുവെന്നും ഇപ്പോഴും ആ ആഗ്രഹമുണ്ടെന്നും ആ സ്വപ്നം നടക്കാത്തതിന്റെ ശൂന്യത തോന്നുമ്പോൾ താൻ ലാലീ ലാലീ എന്ന പാട്ട് കേട്ട് കരയുമെന്നാണ് നടി പറയുന്നത്. താൻ കേൾക്കുന്ന പാട്ടുകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടിയുടെ ഈ പരാമർശം. സാങ്കൽപ്പിക്ക് കുട്ടി തനിക്കുണ്ട് . താൻ കുട്ടിയോട് സംസാരിക്കും. ദത്തെടുക്കൽ തനിക്ക് പറ്റില്ല. തന്റെ കുട്ടി എന്താണെന്ന് തനിക്ക് കാണണം. ഈ ജന്മത്തിൽ അല്ലെങ്കിൽ അടുത്ത ജന്മത്തിലെങ്കിലും അത് സാധിക്കണമെന്നും ജുവൽ മേരി പറഞ്ഞു.

