യുവതിയുടെ മരണം കൊലപാതകം: ബന്ധം ഭാര്യ അറിയാതിരിക്കാൻ ആൺസുഹൃത്ത് വിളിച്ചുവരുത്തി കൊലപ്പെടുത്തി.

കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ യുവതി ജീവനൊടുക്കിയ സംഭവം കൊലപാതകമെന്ന് പോലീസ്. യുവതിയെ ആൺ സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഒരുമിച്ച് ആത്മഹത്യ പറഞ്ഞ് പ്രതി പെൺസുഹൃത്തിനെ വിളിച്ച് വരുത്തിയ ശേഷം കൊലപ്പെടുത്തി എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ തട്ടി മാറ്റുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്ത് വൈശാഖനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് വൈശാഖൻ്റെ ഇൻഡസ്ട്രിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. വൈശാഖനും കൊല്ലപ്പെട്ട യുവതിയും തമ്മില്‍ കുറച്ച് നാളായി അടുപ്പത്തിലായിരുന്നു. ഒടുവില്‍ തന്നെ വിവാഹം കഴിക്കാന്‍ യുവതി വൈശാഖനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹിതനായ വൈശാഖൻ ഈ പ്രണയബന്ധം ഭാര്യ അറിയുമോയെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നും അതുകൊണ്ട് ഒരുമിച്ച് മരിക്കാമെന്നും വിശ്വസിപ്പിച്ച് യുവതിയെ താന്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയില്‍ വർക്ക് ഷോപ്പിലേക്ക് വൈശാഖൻ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് കയര്‍ കെട്ടി. യുവതി കയറില്‍ കുരുക്കിട്ട ഉടന്‍ വൈശാഖൻ സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു. ശേഷം വൈശാഖൻ തന്റെ ഭാര്യയെ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തെന്നും ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. ഇരുവരും ചേര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിനുള്ള കേസായിരുന്നു പൊലീസ് ചുമത്തിയത്. എന്നാല്‍ എലത്തൂര്‍ സിഐയുടെ ചില സംശയങ്ങളാണ് കൊലപാതകം തെളിയാന്‍ സഹായിച്ചത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാമെന്നായിരുന്നു വൈശാഖൻ്റെ പദ്ധതി. എന്നാല്‍ പോലീസിനെ സംഭവം വിളിച്ച് അറിയിച്ചതിന് പിന്നാലെ ഇന്‍ഡസ്ട്രി സീല്‍ ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു.

