കെ-റെയിലിന് കിലോമീറ്ററിന് ചെലവ് 100-150 കോടി, അതിവേഗപാതയ്ക്ക് 200-300 കോടി, നിയന്ത്രണം കേന്ദ്രത്തിന്.

SHARE

സംസ്ഥാന സർക്കാറിന്‍റെ കെ-റെയിലിനേക്കാള്‍ ചെലവ് കൂടിയ പദ്ധതിയാണ് ഈ ശ്രീധരന്‍ മുന്നോട്ട് വെച്ച അതിവേഗ റെയില്‍ പാതയെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. കെ-റെയിലിന് കിലോമീറ്ററിന് 100 – 150 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ നിർദ്ദേശത്തിന് 200 – 300 കോടി രൂപയെങ്കിലും വരും. ഇത്രയും അല്ല 4 – 5 മടങ്ങ് ഉയർന്ന ചെലവ് വരും എന്നാണ് ചില വിദഗ്ധർ എഴുതിക്കണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.പുതിയ പദ്ധതി കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. കെ-റെയിൽ ആവട്ടെ കേരളത്തിന്റെയും. രണ്ടിനും പ്രത്യേക അതിവേഗ റെയിൽവേ കമ്പനിക്ക് ഷെയറിനു മുടക്കേണ്ടി വരുന്ന തുക സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയ വ്യത്യാസമില്ല. കെ-റെയിലിനാണെങ്കിൽ ഓഹരിയുടെ 51% കേരളത്തിനാണ്. റെയിൽവേയ്ക്ക് 49%-വും. പുതിയ നിർദ്ദേശം കൊങ്കൺ റെയിൽവേ മോഡലിലാണ് കേന്ദ്രത്തിനു 51%-വും കേരളത്തിന് 49%-വും. അതുകൊണ്ട് പുതിയ കമ്പനിയെ നിയന്ത്രിക്കുക കേന്ദ്രമാണ്. പ്രതിപക്ഷ നേതാവിന് ഇത് വളരെ സ്വീകാര്യമാണ് എന്നതാണ് വിചിത്രമായ കാര്യമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

വേഗ റെയിൽ പാതയ്ക്കുള്ള ഏത് നിർദ്ദേശവും സ്വതന്ത്ര മനസോടെ നോക്കികാണണം എന്നാണു എന്റെ അഭിപ്രായം. ഒരു കാര്യത്തിലെ നിര്ബന്ധമുള്ളൂ. കേരളത്തിന്റെ ഗതാഗത ഘടനയിൽ ഒരു തെക്ക് – വടക്ക് ഹൈസ്പീഡ് ട്രെയിൻ വേണം. പാരിസ്ഥിതികമായും സാമ്പത്തികമായും ഇത് ഒഴിച്ച് കൂടാൻ ആവാത്തതാണ്. എന്നാൽ കെ-റെയിലിനെ എതിർക്കാൻ “ആർക്കാണിത്ര ധൃതി?” എന്ന് ചോദിക്കുകയായിരുന്നു ഇതുവരെ യുഡിഎഫ്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇപ്പോൾ കുറച്ചു വെളിച്ചം വീണിട്ടുണ്ട്. കെ സുധാകരന് ഇപ്പോഴും നേരം വെളുത്തിട്ടില്ല. പോട്ടെ, സതീശനെങ്കിലും തോന്നിയല്ലോ? പക്ഷെ എന്തുകൊണ്ട് കെ-റെയിലിന്റെ കുറ്റി പറിക്കാൻ നടന്നു എന്നതിന്റെ കാരണം സതീശൻ വിശദീകരിക്കണം. അദ്ദേഹത്തിന്റെ അവകാശവാദം കെ-റെയിലിനു DPR പോലും ഉണ്ടായിരുന്നില്ലെന്ന്. അതുകൊണ്ടാണത്രെ എതിർത്തത്.