മുഖ്യമന്ത്രിയുടെ മുഖം ജനം കണ്ടു മടുത്താണ് സിനിമാ താരങ്ങളെ കേരളീയത്തിന് വിളിച്ചത്: ചെന്നിത്തല

1 min read
SHARE

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖം ജനം കണ്ടു മടുത്തത് കൊണ്ടാണ് സിനിമാ താരങ്ങളെ കേരളീയത്തിന് വിളിച്ചതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതിയിൽ എസ്എൻസി ലാവലിൻ കേസ് മാറ്റി വെച്ചത് ബി ജെ പി- സിപിഎം അന്തർധാര മൂലമാണെന്നും മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കാൻ ഇഡി തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെക്രട്ടേറിയേറ്റിന് മുന്നിൽ ആർ എസ് ‌പിയുടെ രാപ്പകൽ സമര സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മോദിയുടെയോ അമിത് ഷായുടെയോ പേര് നിയമസഭയിൽ പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമില്ലെന്ന് അദ്ദേഹം വിമർശിച്ചു. 2021 ൽ കേരളാ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 69 മണ്ഡലങ്ങളിൽ സിപിഎമ്മിന് ബി ജെ പി വോട്ട് മറിച്ച് നൽകി. കേന്ദ്ര സർക്കാരിന്റെ അവഗണക്കെതിരെ ദില്ലിയിൽ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് ചോദിച്ച അദ്ദേഹം കേരളീയം നടത്തേണ്ട എന്ത് ആവശ്യമാണുള്ളതെന്നും ചോദിച്ചു. കേരളീയം പരിപാടി ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചു നടത്തുന്ന രാഷ്ട്രീയ പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു.