തൃശൂർ പൂരം കലക്കലിൽ കളക്ടറാണ് ഒന്നാം പ്രതി, തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർക്കുന്നതിൽ യോജിക്കുന്നില്ല.

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് മുൻ മന്ത്രി വി എസ് സുനിൽ കുമാർ. സംഭവത്തിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതിചേർക്കുന്നതിനെ താൻ അനുകൂലിക്കുന്നില്ലെന്നും പൂര നടത്തിപ്പിന്റെ പ്രധാന ഉത്തരവാദിത്തമുള്ള ജില്ലാ കളക്ടറാണ് ഒന്നാം പ്രതിയെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ കളക്ടറായിരുന്ന വി ആര്‍ കൃഷ്ണ തേജയുടെ ഇടപാടുകളെ കുറിച്ചുള്ള അന്വേഷണം നടക്കണം. കളക്ടറുടെ മനപൂർവമുള്ള നിസംഗതയാണ് പൂരം അലങ്കോലപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസാണ് അട്ടിമറിക്ക് പിന്നിലെന്ന ആരോപണം തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്നത്.
വിഷയത്തിൽ മൂന്ന് തട്ടിലുള്ള അന്വേഷണം നടന്നിട്ടുണ്ട്. ഇതിനൊപ്പം എഡിജിപി അജിത് കുമാർ നൽകിയ റിപ്പോർട്ടും അടിസ്ഥാനമാക്കി സർക്കാർ എന്ത് തീരുമാനം എടുക്കുമെന്നതാണ് കാത്തിരിക്കുന്നത്. തിരുവമ്പാടി ദേവസ്വത്തെ ഇതിൽ പ്രതിചേർക്കുന്നതിനെ അനുകൂലിക്കുന്നില്ല. ഒരു ദേവസ്വം പൂരം അലങ്കോലപ്പെടുത്തുമെന്ന് കരുതുന്നില്ല. എന്നാൽ ദേവസ്വത്തിനുള്ളിലെ ആരൊക്കെ ഇതിന് പിന്നിലുണ്ടെന്നത് വ്യക്തമാകണം.ഇതിന് പിന്നിൽ രാഷ്ട്രീയമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. അത് പുറത്ത് വരണം. പൂരം അലങ്കോലപ്പെടുത്തുന്നതിലൂടെ രാഷ്ട്രീയ ലാഭം കൊയ്ത പ്രസ്ഥാനവും അതുമായി ബന്ധപ്പെട്ടവർക്കുമാണ് പൂരം കലക്കലിന്‍റെ ഉത്തരവാദിത്തം. അവർക്ക് സഹായകമാകുന്ന നിലപാടുകൾ ദേവസ്വത്തിലുള്ളവർ സ്വീകരിച്ചിട്ടുണ്ട്. ചില പൊലീസ് ഉദ്യോഗസ്ഥരും അവരെ സഹായിച്ചിട്ടുണ്ട്. എഡിജിപിയെക്കാൾ പ്രധാനപ്പെട്ട ഉത്തരവാദിത്തം ജില്ലാ കളക്ടറാണ്. കോഡ് ഓഫ് കണ്ടക്ട് നിലനിൽക്കുന്ന അവസരത്തിൽ അന്ന് മന്ത്രിമാരോ എംഎൽഎമാരോ പൂരം നടക്കുന്നിടത്തേക്ക് വരേണ്ടെന്നും പ്രശ്‌നങ്ങൾ താൻ പരിഹരിക്കുമെന്നുമുള്ള നിലപാടാണ് കളക്ടർ സ്വീകരിച്ചത്.പൂരത്തിന്‍റെ പ്രധാന നടത്തിപ്പുകാരനാണ് ജില്ലാ കളക്ടർ. എല്ലാത്തിന്റേയും മേൽനോട്ടവും തീരുമാനങ്ങൾ എടുക്കേണ്ടതും കളക്ടറാണ്. പൂരം അലങ്കോലപ്പെടാനുള്ള എല്ലാ അവസരവും ഉണ്ടായത് അദ്ദേഹം മനപൂർവം ഉണ്ടാക്കിയ നിസംഗതയാണ്. മൂന്നരയ്ക്ക് ശേഷം മന്ത്രി രാജനൊപ്പം ചേർന്ന് വെടിക്കെട്ട് നടത്താൻ തീരുമാനമായ യോഗത്തിൽ പങ്കെടുക്കാൻ കളക്ടർ തയ്യാറായില്ല. പൂരം അലങ്കോലപ്പെടട്ടേ എന്ന ധാരണ ജില്ലാ കളക്ടർക്ക് ഉണ്ടായിരുന്നോയെന്ന് സംശയിക്കുന്നു. കാരണം അദ്ദേഹം തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മാറി,’ സുനിൽ കുമാർ പറഞ്ഞു.പൂരം അലങ്കോലപ്പെടുത്തൽ വിവാദത്തിൽ ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളിയും തിരുവമ്പാടി ദേവസ്വത്തിന് നേർക്ക് ആരോപണം ഉയർത്തിയുമാണ് പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട് കെെമാറിയത്. ഏകപക്ഷീയമായ തീരുമാനങ്ങളാണ് തിരുവമ്പാടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് കണ്ടെത്തൽ. ദേവസ്വം അധികൃതർക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തണോ എന്ന് എഡിജിപി തല യോഗത്തിന് ശേഷം തീരുമാനിക്കും. അടുത്ത പൂരവും നിയമസഭ തെരഞ്ഞെടുപ്പും അടുത്തിരിക്കുന്നതിനാൽ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ നൽകില്ലെന്നാണ് വിവരം.

