October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 9, 2026

ആഗോള അയ്യപ്പ സംഗമം: ‘നടന്നത് വെറും കൊള്ള, വീരപ്പൻ കണ്ടാൽ സാഷ്ടാംഗം പ്രണമിക്കും’; വിമർശിച്ച് കെ മുരളീധരൻ.

SHARE

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടന്നത് വെറും കൊള്ളയാണെന്നും വീരപ്പന്‍ കണ്ടാല്‍ സാഷ്ടാംഗം പ്രണമിക്കുമെന്നും കെ മുരളീധരന്‍ പരിഹസിച്ചു. നന്ദഗോവിന്ദം സംഘത്തെ ക്ഷണിച്ചിട്ടുമില്ല, പരിപാടി നടത്തിയിട്ടുമില്ല. എന്നിട്ട് എട്ട് ലക്ഷം രൂപ അതില്‍ എഴുതി ചേര്‍ത്തിരിക്കുന്നു. വാസവന് കച്ചേരി എന്താ ഗാനമേള എന്താണെന്ന് അറിയാത്തതുകൊണ്ട് പ്രശ്‌നമില്ലെന്നും കെ മുരളീധരന്‍ പരിഹസിച്ചു.ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ നടത്തിയതല്ലെങ്കില്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസർ എന്തിനാണ് മുറികള്‍ ബുക്ക് ചെയ്തത്. 4,000 പേര്‍ പങ്കെടുത്ത പരിപാടിയില്‍ 5,000 പേര്‍ക്കുള്ള ഭക്ഷണത്തിന്റെ ചെലവ് വന്നു. അയ്യപ്പസംഗമത്തിന്റെ പേരില്‍ നടന്നത് കൊള്ളയാണ്. അതുകൊണ്ട് വാസവന്‍ രാജിവെക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.ശബരിമല സ്വര്‍ണക്കൊള്ള നടന്നതോടെ അവിടെ വിഗ്രഹം മാത്രമാണ് ബാക്കിയുള്ളത്. അയ്യപ്പ സംഗമത്തോടെ ദേവസ്വത്തിന്റെ കാശും പോയി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നഷ്ടമെന്നാണ് പറയുന്നത്. ദേവസ്വം ബോര്‍ഡിന്റെ കാല്‍ കാശ് എടുക്കരുതെന്നാണ് കോടതി പറഞ്ഞിരുന്നത്. അഞ്ഞൂറ് കട്ടില്‍ എന്ന് കണക്കില്‍ കണ്ടിരുന്നു. കിടന്നുറങ്ങാനാണോ അയ്യപ്പ സംഗമം നടത്തിയത്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് മുറികള്‍ ബുക്ക് ചെയ്തത്. നഗ്നമായ നിയമലംഘനം നടത്തിയിട്ടാണ് മന്ത്രിമാര്‍ നടക്കുന്നത്. അവകാശ ലംഘനത്തിന് നോട്ടീസ് അയയ്ക്കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.അതേസമയം ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. ഇന്ന് രാവിലെ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയായിരുന്നു ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം. വിവാദമായ ഓരോ സംഭവങ്ങളും എടുത്ത് പറഞ്ഞുള്ള വിശദീകരണമാണ് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.