November 24, 2026

താണ്ഡവമാടി വൈഭവ് ; 52 പന്തില്‍ ഡബിള്‍ സെഞ്ച്വറി തീര്‍ത്ത് റെക്കോര്‍ഡ്, ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറികള്‍

SHARE

പന്തെറിയുന്നത് ആരായാലും പ്രഹരത്തിന് ഒരു കുറവുമുണ്ടാകില്ലെന്ന് ഇന്ത്യയുടെ വൈറല്‍ ബാറ്റിങ് സ്റ്റാര്‍ വൈഭവ് സൂര്യവന്‍ഷി വീണ്ടും തെളിയിച്ചു. റൈസിങ് സ്റ്റാഴ്സ് ഏഷ്യാ കപ്പ് മത്സരത്തില്‍ യുഎഇക്കെതിരേ ഇന്ത്യ എ ടീമിനായി 52 പന്തില്‍ ഡബിള്‍ സെഞ്ചുറി നേടിയാണ് കൗമാരതാരം റെക്കോഡിട്ടത്. ഇത് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ചുറിയായി രേഖപ്പെടുത്തപ്പെട്ടു. മത്സരത്തില്‍ വെറും 28 പന്തില്‍ നിന്ന് ആദ്യ സെഞ്ച്വറി നേടിയ വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും സ്വന്തം പേരിലാക്കി.

വൈഭവ് ശരിക്കും വെടിക്കെട്ട് പ്രകടനം പുറത്തെടുത്തതോടെ യുഎഇ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. വെറും 14.2 ഓവറിലാണ് ഇന്ത്യ എ വിജയം നേടിയത്. ഓപ്പണറായി ഇറങ്ങിയ 15-കാരനായ വൈഭവ് മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 16 പന്തുകളില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ വൈഭവ്, 28-ാം പന്തില്‍ സെഞ്ചുറി തികച്ചത് റെക്കോര്‍ഡ് ആയി. ഓസ്ട്രേലിയന്‍ താരം ജെയ്ക്ക് ഫ്രേസര്‍ മക്ഗുര്‍ഗ് 2023-ല്‍ കുറിച്ച 29 പന്തുകളിലെ സെഞ്ചുറിയെന്ന റെക്കോഡാണ് ഇതോടെ പഴയ കഥയായത്. കൂടാതെ സാക്കിബുള്‍ ഗനി (32 പന്ത്), ഇഷാന്‍ കിഷന്‍ (33 പന്ത്) എന്നിവരെ പിന്നിലാക്കി ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും വൈഭവ് സൂര്യവന്‍ഷി സ്വന്തമാക്കി.

കേവലം 40 പന്തുകളില്‍ നിന്ന് 150 റണ്‍സ് തികച്ച താരം ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ 150 റണ്‍സ് എന്ന നാഴികക്കല്ലും സ്വന്തമാക്കി. ഡബിള്‍ സെഞ്ചുറി നേടിയതിനു പിന്നാലെ 53 പന്തില്‍ നിന്ന് 204 റണ്‍സെടുത്ത വൈഭവ് പുറത്താകുകയായിരുന്നു. 28 സിക്സും ഏഴ് ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്സ്. ഒരു ലിസ്റ്റ് എ ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും രോഹിത് ശര്‍മയേയും ഋതുരാജ് ഗെയ്ക്വാദിനെയും മറികടന്ന് വൈഭവ് സ്വന്തമാക്കി.