സ്മൈൽ പഠനസഹായി പ്രകാശനം ചെയ്തു

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന ‘സ്മൈൽ’ പഠന സഹായികൾ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ പ്രവർത്തനരീതി സംബന്ധിച്ച് ഡയറ്റ് കണ്ണൂർ പ്രിൻസിപ്പൽ ഡോ. എസ് കെ ജയദേവൻ വിശദീകരിച്ചു. പൊതുപരീക്ഷകളിൽ മികച്ച വിജയം ഉറപ്പാക്കുന്നതിനായി നാല്, ഏഴ്, പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്ക് പ്രത്യേക പഠനപിന്തുണ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകി പഠനനിലവാരം ഉയർത്തുന്നതിനും പൊതുപരീക്ഷകളിലെ വിജയശതമാനം വർധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും. പദ്ധതിയുടെ ഭാഗമായി ഡയറ്റ് കണ്ണൂരിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘സ്മൈൽ ഹാൻഡ്ബുക്ക്’ വിദ്യാർഥികൾക്ക് വിതരണം ചെയ്യും. അർധവാർഷിക, മിഡ് ടേം പരീക്ഷകളിൽ ഡി പ്ലസ് താഴെ ഗ്രേഡ് ലഭിച്ച വിദ്യാർഥികൾക്ക് പ്രത്യേക പഠനക്ലാസുകൾ സംഘടിപ്പിക്കും. ഡിസംബർ, ജനുവരി മാസങ്ങളിൽ സ്കൂൾതലത്തിൽ ദിവസവും ഒരു മണിക്കൂർ വീതം 25 ദിവസത്തെ പ്രത്യേക പരിശീലനവും നൽകും. പഠനക്ലാസുകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും പഠനസാമഗ്രികളും ലഭ്യമാക്കും. കൂടാതെ സ്മൈൽ മാതൃകാ പരീക്ഷയും സംഘടിപ്പിക്കും. പദ്ധതിക്കായി ആകെ 45 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 35 ലക്ഷം രൂപ പഠനക്ലാസുകൾ, പഠനോപകരണങ്ങൾ, മാതൃകാ പരീക്ഷ എന്നിവയ്ക്കും 10 ലക്ഷം രൂപ സ്മൈൽ ഹാൻഡ്ബുക്ക് തയ്യാറാക്കുന്നതിനും അനുബന്ധ ചെലവുകൾക്കുമായാണ് നീക്കിവെച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഉപഡയറക്ടറാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെയും വിദ്യാഭ്യാസ, സാംസ്കാരിക, കലാ-കായിക-യുവജനക്ഷേമ വർക്കിങ് ഗ്രൂപ്പിന്റെയും മേൽനോട്ടത്തിൽ 2027 മാർച്ച് മാസത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥിരം സമിതിചെയർപേഴ്സൺമാരായ രജനി മോഹൻ, ബോബി എണ്ണച്ചേരിയിൽ, എ പ്രദീപൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോജി വർഗീസ് വട്ടോളി, സി കെ മുഹമ്മദലി, പി വി ജയശ്രി, ഹയർ സെക്കണ്ടറി വിദ്യാഭ്യാസം ആർഡിഡി എ കെ വിനോദ് കുമാർ, കെഎഎസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ഡോ.ശീതൾ ജി മോഹൻ, വൊക്കേഷണൽ ഹയർ സെക്കണ്ടറി എ ഡി ഉദയകുമാരി, ഡിപിസി സമഗ്ര ശിക്ഷാ കേരളം എം സി ഹാഷിം, കൈറ്റ് ജില്ലാ കോർഡിനേറ്റർ സുരേന്ദ്രൻ അടുത്തില,ഡി ഇ ഒമാരായ വി ദീപ, എം പി ജീവ, ഡോ.ജയന്തി സുധാകരൻ, സീനിയർ ലക്ചറർ, ഡയറ്റ് ഡോ.കെ പ്രമോദ്, എ ഇ ഒ എൻ സുജിത്ത്, ഹയർ സെക്കണ്ടറി കോർഡിനേറ്റർ പ്രേമരാജൻ, ഫിനാൻസ് ഓഫീസർ കെ ബിനു, ലക്ചറർ ഡയറ്റ് കെ ബീന, സ്മൈൽ പ്രതിനിധികൾ, സ്മൈൽ കോർഡിനേറ്റർ ഡോ. പി എസ് സുശാന്ത് എന്നിവർ പങ്കെടുത്തു.

