June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും.

SHARE

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.37ന് സാൻഡിയാഗോ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ ഒറൈൺ പേടകം സ്പാഷ്ഡൗൺ ചെയ്യും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുള്ള മനുഷ്യന്റെ ഭാവി യാത്രകൾക്കുള്ള ഒരു ചവിട്ടുപടിയായാണ് ആർട്ടെമിസ് ടു പദ്ധതിയെ ശാസ്ത്രലോകം കാണുന്നത്.

അരനൂറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ സമീപത്തേക്ക് എത്തിച്ച ആർട്ടെമിസ് 2 ദൗത്യം ബഹിരാകാശചരിത്രത്തിലെ ഒരു സുവർണാധ്യായമാണ്. ഇന്ത്യൻ സമയം ഏപ്രിൽ രണ്ടിന് പുലർച്ചെ 4.05 -ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയിൽ നിന്നാണ് സ്‌പേസ് ലോഞ്ച് സിസ്റ്റം എന്ന റോക്കറ്റിലുറപ്പിച്ച ഒറൈൺ പേടകത്തിൽ നാല് സഞ്ചാരികളുടെ ചാന്ദ്രദൗത്യത്തിന് തുടക്കമായത്. മിഷൻ കമാൻഡർ റീഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്‌പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്.

ആദ്യ രണ്ടു ദിവസം രണ്ടുവട്ടം ഭൂമിയെ വലംവച്ചശേഷമാണ് ഒറൈയോൺ പേടകം ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചത്. ഏപ്രിൽ 6 രാത്രി 11.32ന് പേടകത്തിലെ സഞ്ചാരികൾ ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോർഡ് നേടി. 1970-ലെ അപ്പോളോ 13 ദൗത്യത്തിന്റെ റെക്കോർഡാണ് മറികടന്നത്. ഏപ്രിൽ ഏഴിന് പുലർച്ചെ പന്ത്രണ്ടേകാലോടെ ആരംഭിച്ച ലൂണാർ ഫ്‌ളൈബൈ ഏഴു മണിക്കൂറോളം നീണ്ടു. പുലർച്ചെ 4.14ന് പ്രതീക്ഷിക്കപ്പെട്ടതു പോലെ 40 മിനിട്ട് സമയം പേടകവും ഭൂമിയുമായുള്ള സിഗ്നൽ ബന്ധം തടസ്സപ്പെട്ടു. പേടകം ചന്ദ്രനെ വലയംവയ്ക്കാൻ ആരംഭിച്ചപ്പോൾ മറുപകുതിയിലെത്തിയപ്പോഴായിരുന്നു സിഗ്നൽ തടസ്സം. പുലർച്ചെ 4.32ന് ചന്ദ്രോപരിതലത്തിൽ നിന്നും പേടകം ഏറ്റവും അടുത്തുനിൽക്കുന്ന, 6545 കിലോമീറ്ററിലേക്ക് പേടകമെത്തി. പുലർച്ചെ 53 മിനിറ്റ് സമയം നീണ്ടു നിന്ന സൂര്യഗ്രഹണത്തിനും പേടകത്തിലെ സഞ്ചാരികൾ സാക്ഷിയായി. ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തമായ ഓറിയന്റലെ ബേസ് അഥവാ ഗ്രാൻഡ് കനെയ്ൻ ഇതാദ്യമായി സഞ്ചാരികൾ നേത്രങ്ങൾ കൊണ്ട് കണ്ടതും യാത്രയിലെ അപൂർവ അനുഭവമായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവരുമായും യാത്രയിൽ സഞ്ചാരികൾ സംസാരിച്ചു. അപൂർവമായ നിരവധി ചിത്രങ്ങളാണ് യാത്രയിൽ സഞ്ചാരികൾ പകർത്തിയത്.

ദൗത്യത്തിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ആദ്യത്തെ വനിതയായി ക്രിസ്റ്റീന കോച്ചും ആദ്യത്തെ കറുത്തവർഗ്ഗക്കാരനായി വിക്ടർ ഗ്ലോവറും ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയായി കനേഡിയനായ ജെറമി ഹാൻസനും മാറി. ഭാവിയിൽ മനുഷ്യനെ ചന്ദ്രോപരിതലത്തിൽ ഇറക്കുന്ന ആർട്ടെമിസ് 4 ദൗത്യത്തിന് മുന്നോടിയായി ഒറയോൺ പേടകത്തിലെ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ പൂർണ്ണമായി പരീക്ഷിക്കാനും ആർട്ടെമിസ് ടു ദൗത്യത്തിനായി. യാത്രയിൽ നാല് പേർക്കും കൂട്ടായി ഒരു അഞ്ചാമനും ഉണ്ടായിരുന്നു. റൈസ് എന്ന ചെറു പാവ. അതിനകത്ത് നേരത്തെ രജിസ്റ്റർ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡും.