July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 7, 2026

ദേശീയ പാത നിര്‍മ്മാണം; നീലേശ്വരത്ത് സര്‍വീസ് റോഡും ഡ്രയിനേജും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കാസർഗോഡ് ജില്ലാ കളക്ടര്‍അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശം നല്‍കി

SHARE

 

ദേശീയപാത 66 നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗതകുരുക്ക് നേരിടുന്ന നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ സര്‍വീസ് റോഡിന്റെയും ഡ്രെയിനേജിന്റെയും പ്രവര്‍ത്തി 30 ദിവസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടത്തിയ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സമരസമിതിയുടെയും യോഗത്തിലാണ് ഉറപ്പ് നല്‍കിയത്. വരാനിരിക്കുന്ന കാലവര്‍ഷവും ഗതാഗതകുരുക്കും വെള്ളക്കെട്ടും പരിഗണിച്ച് നിലവിലുള്ള മണ്ണ് തിട്ടപ്പെടുത്തിയുള്ള പാതയിലൂടെ താത്കാലികമായി വാഹനങ്ങള്‍ കടത്തിവിടും.

സര്‍വീസ്റോഡ് ഡ്രെയിനേജ് പ്രവര്‍ത്തികള്‍ മഴയില്ലാത്ത 15 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ പറഞ്ഞു. സര്‍വീസ് റോഡിന്റെ നിര്‍മ്മാണം നടക്കുമ്പോള്‍ ഗതാഗത നിയന്ത്രണം നീലേശ്വരം നഗരസഭ ഗതാഗത നിയന്ത്രണ അതോറിറ്റിയോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്ത് പരിഹാരം കാണും. ഇതിനായി നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.പി മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കും.

രൂക്ഷമായ ഗതാഗത തടസ്സം പരിഹരിക്കുന്നതിന് സര്‍വീസ് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം പറഞ്ഞു. ആകാശപാത (Flyover) നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സര്‍ക്കാരിലേക്ക് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതിനെ യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളും സമരസമിതിയും സ്വാഗതം ചെയ്തു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യൂ-ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്റ് റവന്യൂ കമ്മീഷണര്‍ എന്നിവര്‍ക്കാണ് വിശദമായ ശിപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതെന്നും ജില്ലാഭരണ സംവിധാനം ഇതില്‍ ആവശ്യമായ എല്ലാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.

നിലവിലെ രൂപരേഖ പ്രകാരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വന്‍തോതില്‍ മണ്ണ് നിറച്ച് തിട്ടപ്പെടുത്തിയുള്ള (Embanked) നിര്‍മ്മാണമാണ് നടക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ നീലേശ്വരം ടൗണ്‍ മണ്‍മതിലുകളാല്‍ പൂര്‍ണ്ണമായി വിഭജിക്കപ്പെടുകയും കടുത്ത ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ പി.പി മുഹമദ് റാഫി പറഞ്ഞു. ടൗണിന്റെ വികസനത്തെ ബാധിക്കുന്ന ഈ രീതിക്കെതിരെ പ്രദേശത്ത് ജനകീയ സമരങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ദേശീയപാത 66ല്‍ താത്കാലിക ഗതാഗത ക്രമീകരണത്തിന് കളക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്.

ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ ഉമേഷ് ഗാര്‍ഹ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, നിലേശ്വരം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.പി മുഹമ്മദ് റാഫി,മുന്‍ നഗരസഭ ചെയര്‍മാന്‍ പ്രൊഫസര്‍ കെ.പി ജയരാജന്‍, നിര്‍മ്മാണ കമ്പനിയുടെ പ്രതിനിധിയായ വിജയ് റാഥോഡ്, എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ലിപു എസ് ലോറന്‍സ്, നിലേശ്വരം നഗരസഭ സെക്രട്ടറി അനുപമ സദാനന്ദന്‍, സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ എന്‍.എച്ച് കെടി അബ്ദുള്‍ ഹക്കിം നീലേശ്വരം എസ്.ഐ അജിത കെ, ആര്‍.ടി.ഒ ജെറാള്‍ഡ്, ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് പി.വി തുളസീരാജ്, സമരസമിതി പ്രതിനിധികളായ മാമുനി വിജയന്‍, അഡ്വ. കെ പിനസീര്‍, , നീലേശ്വരം ജനകീയ സമരസമിതി ചെയര്‍മാന്‍ ശ്രീനാഥ് ശശി, കണ്‍വിനര്‍ ഡി.രാജന്‍, പത്മരാജന്‍ ഐങ്ങോത്ത്, രതീഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.