ശമ്പളം മാസത്തിൽ രണ്ട് തവണ ആയാലോ ?; നിർദേശവുമായി അനുപം മിത്തൽ.

ശമ്പളം വരുന്നത് മാത്രം അറിയാം… ദിവസങ്ങൾക്കുള്ളിൽ പോക്കറ്റ് കാലിയാകും. ഇതാണ് മിക്ക ശമ്പളക്കാരുടെയും അവസ്ഥ. പാൽ, പത്രം, സ്കൂൾ ഫീസ്, വാടക അങ്ങനെ നിത്യനിദാനച്ചെലവുകൾ, ഇഎംഐ, ക്രെഡിറ്റ് കാർഡ് ബില്ല് തുടങ്ങി കടം എന്നിങ്ങനെ ബാധ്യതാ പട്ടികകൾ ഒന്നൊതുക്കുമ്പോഴേക്കും ശമ്പളം തീരുന്നതാണ് മിക്ക കോർപറേറ്റ് ജീവനക്കാരുടെയും അവസ്ഥ. ക്യാഷ് ഫ്ലോ വലിയ പ്രതിസന്ധിയാണെന്ന് വിലയിരുത്തുകയാണ് ശാദി ഡോട്ട് കോം സ്ഥാപകനും ഷാർക് ടാങ്ക് ജഡ്ജിയുമായ അനുപം മിത്തൽ.പതിവ് ശമ്പള രീതിക്ക് പകരം മാസത്തിൽ രണ്ട് തവണ ശമ്പളം നൽകുന്ന സംവിധാനം നന്നായിരിക്കും എന്നാണ് അനുപം മിത്തലിന്റെ അഭിപ്രായം. സമൂഹ മാധ്യമക്കുറിപ്പിലാണ് പ്രതികരണം.
പോസ്റ്റ് വന്നത് വലിയ ചർച്ചയ്ക്കാണ് വഴി വച്ചത്. എപ്പോഴാണ് നിങ്ങൾക്ക് ശമ്പളം ലഭിക്കേണ്ടത്? എന്ന ചോദ്യത്തോടെയാണ് മിത്തൽ ചർച്ചയ്ക്ക് വഴിമരുന്നിട്ടത്.
ഇന്ത്യയിൽ മിക്ക കമ്പനികളും മുൻ മാസത്തെ ജോലികൾക്ക് മാസത്തിലെ ആദ്യ ആഴ്ചയിലാണ് ശമ്പളം നൽകുന്നതെന്ന് അനുപം പറയുന്നു. പല കമ്പനികളും ശമ്പളം നൽകുന്നത് ഏഴാം തീയതി. ചില കമ്പനികൾ ഒന്നാം തീയതിയും. അവധിയാണെങ്കിൽ അതും താമസിക്കും. ഈ ടൈമിങ് കാരണം പല ജീവനക്കാർക്കും ഇഎംഐ മുടങ്ങുന്നതും വാടക വൈകുന്നതും കടം വാങ്ങേണ്ടി വരുന്നതും സാധാരണമാണെന്നും അനുപം മിത്തൽ വാദിക്കുന്നു.
ഏതാനും വർഷം മുൻപ് തന്റെ കമ്പനി ഈ രീതി മാറ്റിയെന്നും അടുത്ത മാസത്തേക്ക് ശമ്പള വിതരണം മാറ്റുന്നതിന് പകരം അതേ മാസം അവസാനം ശമ്പളം നൽകാൻ തുടങ്ങിയെന്നും മിത്തൽ പറയുന്നു. കമ്പനികൾക്ക് ശമ്പള വിതരണ സമയം ചെറിയ അക്കൗണ്ടിങ് പ്രശ്നമാകാം. എന്നാൽ പല ജീവനക്കാർക്കും കാലതാമസം വലിയ സമ്മർദ്ദമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട് മിത്തൽ. ഇതൊഴിവാക്കാൻ പതിനഞ്ചാം തീയതിയും മുപ്പതാം തീയതിയും പണം നൽകണമെന്നാണ് കമ്പനികളോട് മിത്തലിന് പറയാനുള്ളത്. ബ്രിട്ടിഷ് കാലഘട്ടത്തിലെ പേ ഔട്ട് സമ്പ്രദായം അവസാനിപ്പിക്കണമെന്നും അനുപം മിത്തൽ പറഞ്ഞു.

