കൊച്ചി മെട്രോ ലാഭത്തില്‍, ചെലവിന് സര്‍ക്കാരിനെ ആശ്രയിക്കുന്നില്ല; ധവളപത്രത്തിലെ കണക്കുകള്‍ തള്ളി KMRL

ധവളപത്രത്തിലെ കണക്കുകള്‍ തള്ളി കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍. മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തിലാണെന്നും ചെലവുകള്‍ക്ക് സര്‍ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ സമര്‍പ്പിച്ച ധവള പത്രത്തില്‍ കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം നഷ്ടത്തിലാണെന്ന് പറഞ്ഞിരുന്നു. ഈ വാദം തള്ളിയാണ് കെഎംആര്‍എല്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.ധവളപത്രത്തിലുള്ളത് നിര്‍മ്മാണ ചെലവ് അടക്കമുള്ള കണക്കുകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മുതല്‍ പ്രവര്‍ത്തന ലാഭത്തിലാണ് കൊച്ചി മെട്രോ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന ചെലവിന് വേണ്ടി സര്‍ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.
2022 മുതല്‍ പ്രവര്‍ത്തന ലാഭമെന്ന് കണക്കുകള്‍ പറയുന്നു. 2022- 2023 വര്‍ഷം പ്രവര്‍ത്തനലാഭം 5.35 കോടി രൂപയാണ്. 2023- 2024 വര്‍ഷം പ്രവര്‍ത്തനലാഭം 22.94 കോടി രൂപയും 2024- 2025 വര്‍ഷത്തെ പ്രവര്‍ത്തനലാഭം 33.34 കോടി രൂപയുമായിരുന്നു. 2025- 2026 വര്‍ഷം 50 കോടി രൂപയോളം പ്രവര്‍ത്തനലാഭം ഉണ്ടെന്നാണ് നിഗമനം.കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട നിര്‍മ്മാണത്തിന് വേണ്ടി ചെലവായത് 6218.14 കോടി രൂപയാണ്. 3, 000 കോടി രൂപയിലേറെ വായ്പ എടുത്തിരുന്നു. വായ്പയിനത്തില്‍ സംസ്ഥാനം ഇനി തിരിച്ചടക്കാനുള്ളത് 2000 കോടിയോളം രൂപയാണ്.

