September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 10, 2026

‘കോൺ​ഗ്രസിന്റേത് കേരളത്തെ വിറ്റഴിക്കാനുള്ള ധവളപത്രം’ : പി എ മുഹമ്മദ് റിയാസ്

SHARE

സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ധനകാര്യ ധവളപത്രത്തിനെതിരെ കടുത്ത വിമർശനവുമായി പി. എ. മുഹമ്മദ് റിയാസ്. പൂർണ്ണമായും നവലിബറൽ കോർപ്പറേറ്റ് സാമ്പത്തിക യുക്തിക്കനുസരിച്ച് തയ്യാറാക്കിയ ധവളപത്രം കേരളത്തിന്റെ പൊതുസ്വത്തുക്കൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. ധവളപത്രവുമായി ബന്ധപ്പെട്ട് ഇതിനോടകം സഭയ്ക്കകത്തും പുറത്തും ഇടതുപക്ഷം ക്രമപ്രശ്നം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി വി. ഡി. സതീശൻ സഭയിൽ അവതരിപ്പിച്ച ധവളപത്രം പരിശോധിച്ചാൽ കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരായ വിമർശനങ്ങൾ ഒഴിവാക്കനാണ് യുഡിഎഫ് സർക്കാർ ശ്രമിച്ചതെന്ന് വ്യക്തമാണ്. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, റെയർ എർത്ത് മിനറൽസ്‌ തുടങ്ങി കേരളത്തിന്റെ സകല പൊതുസ്വത്തുക്കളും സ്വകാര്യവൽക്കരിക്കാനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുമുള്ള നിർദ്ദേശങ്ങളാണ് ധവളപത്രത്തിലുള്ളത്. കേന്ദ്രവും കേരളവും ഭരിക്കുന്നത് വ്യത്യസ്ത പാർട്ടികളാണെങ്കിലും ഒരേ സാമ്പത്തിക നയമാണ് പിന്തുടരുന്നതെന്നും ഇത് കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതുവഴി യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ് സർക്കാർ ധവളപത്രത്തിലൂടെ നടത്തിയിരിക്കുന്നത്. ശമ്പളപരിഷ്കരണം അഞ്ച് വർഷത്തിലൊരിക്കൽ എന്നതിൽ നിന്നും പത്തു വര്‍ഷത്തിൽ ഒരിക്കലായി നിജപ്പെടുത്താനുള്ള തീരുമാനവും ധവളപത്രത്തിലുണ്ട്. വിദഗ്ധ സമിതിയുടെ ഈ ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി തന്നെ സഭയില്‍ പറഞ്ഞ സാഹചര്യത്തിൽ, ഇതിലെ എല്ലാ നിർദ്ദേശങ്ങളെയും യുഡിഎഫ് പൂർണ്ണമായി പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.

പശ്ചിമബംഗാളിൽ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രതിപക്ഷത്തെ സൃഷ്ടിച്ചത് പോലെ കേരളത്തിൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭരണപക്ഷത്തെയാണ് ബിജെപി സൃഷ്ടിച്ചിരിക്കുന്നത്. ധവളപത്രത്തെ ബിജെപി സംസ്ഥാന നേതൃത്വം പിന്തുണച്ചത് ഇതിനോട് കൂട്ടി വായിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പുതിയ ഗവൺമെന്റ് അധികാരത്തിലേറിയ ഉടനെ സകല വിഷയങ്ങളെയും കണ്ണുമടച്ച് എതിർക്കുക എന്ന നിലപാട് യുഡിഎഫിനെ പോലെ എൽഡിഎഫ് സ്വീകരിക്കില്ല. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഇത്തരം ജനവിരുദ്ധ-കോർപ്പറേറ്റ് നയങ്ങളോടും സമീപനങ്ങളോടും തുടക്കത്തിൽ തന്നെ വിട്ടുവീഴ്ചയില്ലാതെ പ്രതിഷേധിക്കാൻ ഇടതുപക്ഷം മുന്നിലുണ്ടാകുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.