June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 7, 2026

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: അജിത് കുമാറിനെതിരെ കോടതിയിലും റിപ്പോര്‍ട്ട്, കുരുക്ക് മുറുക്കി SIT

SHARE

ആലപ്പുഴ: നവകേരള യാത്രക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കുരുക്ക് മുറുക്കി അന്വേഷണ സംഘം. അജിത് കുമാറിനെതിരെ കോടതിയിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് എസ്‌ഐടി. വ്യാജ രേഖ ചമച്ചത് എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടിമറി വ്യക്തമാക്കി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ആലപ്പുഴ സെഷന്‍സ് കോടതിയിലാണ് അഡീഷണല്‍ റിപ്പോര്‍ട്ട് നല്‍കിയത്. വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതികളെ രക്ഷിക്കാന്‍ കേസ് ഡയറി തന്നെ അട്ടിമറിച്ചു. തെറ്റായ നറേറ്റീവ് സൃഷ്ടിക്കാന്‍ വ്യാജ രേഖകള്‍ ചമച്ചുവെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയിലാണ് അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്നത്. സത്യം പുറത്തു കൊണ്ടുവരാന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആന്വേഷണ സംഘം ആവശ്യപ്പെടുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങള്‍ ലഭ്യമായി എന്ന റഫര്‍ റിപ്പോര്‍ട്ടിലെ പ്രസ്താവന കള്ളമാണ്. പൊലീസ് ഫോട്ടോഗ്രാഫര്‍ മര്‍ദനം പകര്‍ത്തിയിട്ടില്ല എന്ന് മൊഴി നല്‍കിയിട്ടുണ്ട്. റഫര്‍ റിപ്പോര്‍ട്ടില്‍ പൊലീസ് ഫോട്ടോഗ്രാഫര്‍ ദൃശ്യം പകര്‍ത്തി എന്ന കാര്യം വ്യാജമായി രേഖപ്പെടുത്തി. പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിലും അന്വേഷണം വേണമെന്ന് എസ്‌ഐടി കോടതിയോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതി പരിശോധിക്കും. അതേസമയം കേസില്‍ പ്രത്യേക അന്വേഷണസംഘം അജിത്കുമാറിന്റെ മൊഴിയെടുക്കാനൊരുങ്ങുകയാണ്. ഗ്രേഡ് എസ്‌ഐമാര്‍ നല്‍കിയ മൊഴിയില്‍ വിശദീകരണം തേടും. റിപ്പോര്‍ട്ടില്‍ നടപടി ശുപാര്‍ശ വേണമോയെന്ന് തീരുമാനിക്കേണ്ടത് ഡിജിപിയാണ്. ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ അന്വേഷണത്തിനും നീക്കമുണ്ട്.