42 വര്‍ഷത്തെ ദുരൂഹത വീണ്ടും ചര്‍ച്ചകളിലേക്ക്; സുകുമാരക്കുറുപ്പ് തിരോധാനത്തിന്റെ ഫയല്‍ പരിശോധിച്ച് ക്രൈം ബ്രാഞ്ച്

ദുരൂഹതയുണര്‍ത്തിയ സുകുമാരക്കുറുപ്പ് തിരോധാനം വീണ്ടും ചര്‍ച്ചയാകുന്നു. കേസ് ഫയല്‍ ക്രൈം ബ്രാഞ്ച് പരിശോധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുനരന്വേഷണത്തിന് വേണ്ടിയല്ല ഫയല്‍ പരിശോധിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം. 42 വര്‍ഷങ്ങള്‍ക്ക് ശേഷം തിരോധാനം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ പൊലീസ് നടപടികള്‍ പുനരാരംഭിക്കുമോ, സുകുമാരക്കുറുപ്പിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചോ എന്ന സംശയവും ആകാംക്ഷയും ഉയരുകയാണ്. 1984ലാണ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ വധവുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പ് ഒളിവിലാകുന്നത്. സുകുമാരക്കുറുപ്പിനെ പലയിടങ്ങളില്‍ കണ്ടു എന്ന് പല കാലത്തും പൊലീസിന് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ നാളിതുവരെ നടത്തിയ തിരച്ചിലുകളെല്ലാം വ്യര്‍ഥമാകുകയായിരുന്നു. ഏറെക്കാലം മറവിലാണ്ടുപോയ സുകുമാരക്കുറുപ്പ് പിന്നീട് ദുല്‍ക്കര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. അതുകഴിഞ്ഞും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുകുമാരക്കുറുപ്പിനെക്കുറിച്ച് ഇങ്ങനെയൊരു അപ്‌ഡേറ്റ് പുറത്തെത്തിയിരിക്കുന്നത്.ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന ഫയലാണ് ഇന്നലെ പൊടിതട്ടിയെടുത്തത്. ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പുനരന്വേഷണമില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളും അറിയിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പഠിക്കാനും പരിശോധിക്കാനും മാത്രം ഫയല്‍ തുറന്നെന്നാണ് നിഗമനം.

