‘പിണറായി വിജയന്റെയും വീണയുടെയും പേര് പറയാന്‍ സുഹൃത്തിനെ ഭീഷണിപ്പെടുത്തി’; ഇ ഡിക്കെതിരെ മുഹമ്മദ് റിയാസ്

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ്. പിണറായി വിജയന്റെയും വീണയുടെയും പേര് പറയാന്‍ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതായാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സുഹൃത്തിനെ ഇ ഡി ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. എന്നാല്‍ ഒന്നും കണ്ടെത്തിയില്ലെന്നും റിയാസ് പറഞ്ഞു. സുഹൃത്ത് ഹസ്സന്‍ വാരിസിനെ ചോദ്യം ചെയ്തതിലായിരുന്നു റിസായിന്റെ പ്രതികരണം.സുഹൃത്തിന്റെ ഒരു ബിസിനസില്‍ പിണറായി വിജയന് ഇടപാടുള്ളതായി പറയാന്‍ ഇ ഡി അദ്ദേഹത്തെ നിര്‍ബന്ധിച്ചു. പിണറായി വിജയനെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ബന്ധമില്ലെന്നും പറഞ്ഞു. സുഹൃത്തിന്റെ ഭാര്യാ പിതാവുമായി ബന്ധമില്ലേ എന്നും സുഹൃത്ത് പിണറായിയുടെ അടുത്ത് കൊണ്ടുപോകാറില്ലേയെന്നും ഇ ഡി തിരിച്ചു ചോദിച്ചു. സുഹൃത്ത് കൊണ്ടുപോകാറില്ലെന്ന് പറഞ്ഞപ്പോള്‍ വീണയുടെ പേര് പറയാന്‍ ആവശ്യപ്പെട്ടെന്നും റിയാസ് പറഞ്ഞു. വീണയെ രണ്ടോ മൂന്നോ തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും പേര് പറയാന്‍ പറ്റില്ലെന്നും പറഞ്ഞപ്പോള്‍, പെയ്‌മെന്റുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയത്തില്‍ മകളെ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പ്രിന്ററില്‍ അമര്‍ത്തിയാല്‍ മകള്‍ പ്രതിയാണെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സ്വന്തം മകളെ രക്ഷിക്കണോ അതോ ആരാന്റെ മകളെ രക്ഷിക്കണോ എന്ന് സുഹൃത്തിനോട് ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിച്ചതായും റിയാസ് പറഞ്ഞു.

