September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 15, 2026

മദ്യപിച്ച് ബൈക്കോടിച്ച് ആംബുലൻസിലിടിച്ചു; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.

SHARE

 

പത്തനംതിട്ട:മദ്യപിച്ച് ബൈക്കോടിച്ച് രോഗിയുമായി പോയ ആംബുലൻസിലിടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പ്രവീൺ കുമാറാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി പത്തനംതിട്ട കോന്നി കൊന്നപ്പാറയിലാണ് അപകടമുണ്ടായത്.

നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആംബുലൻസിലേക്ക് പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്ന പ്രവീണിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ആംബുലൻസിലുണ്ടായിരുന്ന, നട്ടെല്ലിന് പരുക്കേറ്റ രോഗിക്ക് കടുത്ത ശാരീരിക അവശത അനുഭവപ്പെട്ടു.

അപകടസ്ഥലത്ത് നേരെ നിൽക്കാൻപോലും കഴിയാത്തവിധം മദ്യപിച്ചിരുന്ന പ്രവീൺ കുമാറിനെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കോന്നി പൊലീസിന് കൈമാറുകയുമായിരുന്നു.

നാട്ടുകാർ കൈമാറിയ ഉദ്യോഗസ്ഥനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതോടെ ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. തുടർന്ന്, കോന്നി പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും നടപടികൾക്കും സാധ്യതയുണ്ട്.