ജലാശയങ്ങളില്‍ ഇനി മത്സ്യസമൃദ്ധി; രണ്ട് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

SHARE

 

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് മുഖേന പൊതുജലാശയങ്ങളില്‍ മത്സ്യ വിത്ത് നിക്ഷേപം നടത്തി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ കിഴത്തൂര്‍ പാലം ബോട്ട് ജെട്ടിയില്‍ നിക്ഷേപിച്ചു. ശുദ്ധജലാശയങ്ങളില്‍ കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെയും ഉപ്പുവെള്ളമുള്ള ജലാശയങ്ങളില്‍ കരിമീന്‍, ചെമ്മീന്‍ എന്നിവയുടെ കുഞ്ഞുങ്ങളെയുമാണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കുക. ആകെ പത്ത് ലക്ഷം രൂപയുടെ മത്സ്യ വിത്തുകളാണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കുന്നത്.

 

പൊതു ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുക, മത്സ്യ ബന്ധനത്തെ ഉപജീവനമാര്‍ഗമായി ആശ്രയിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, ഉപജീവനമാര്‍ഗം ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ജുഗ്‌നു പദ്ധതി വിശദീകരണം നടത്തി. പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സജില, എടക്കാട് ബ്ലോക്ക് ക്ഷേമ കാര്യം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഷ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. വി ഷബീന, മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ബാലഗോപാലന്‍, പെരളശ്ശേരി പഞ്ചായത്ത് മെമ്പര്‍മാരായ ഷീന സുരേഷ്, എം സി രാഗസുധ, മത്സ്യഭവന്‍ എഎഫ്ഇഒ എ എ സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു