ഹരിയാനയിൽ നേതൃമാറ്റം; മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു, പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
1 min read

ഹരിയാനയിൽ നേതൃമാറ്റം. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു. മന്ത്രിസഭ പിരിച്ചുവിട്ട് ആറ് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെ വീണ്ടും സർക്കാർ രൂപികരിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ബിജെപി എംഎൽഎമാർ രാജ്ഭവനിലെത്തും. ഖട്ടർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് വൃത്തങ്ങൾ. ജനനായക് ജനതാ പാർട്ടി (ജെജെപി)യുമായുള്ള ബിജെപി സഖ്യം തകർന്നതിനെ തുടർന്നാണ് രാജി. ബിജെപിയുടെ കേന്ദ്ര നിരീക്ഷകരായ തരുൺ ചുഗും അർജുൻ മുണ്ടയും ചണ്ഡീഗഢിലെത്തിയിട്ടുണ്ട്. 41 ബിജെപി എംഎൽഎമാരും 6 സ്വതന്ത്രരും ഗോപാൽ കാണ്ഡയും യോഗത്തിൽ പങ്കെടുക്കും. എല്ലാ സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണ അറിയിച്ച് ബിജെപി കത്ത് നൽകിയിട്ടുണ്ട്. പുതിയ മന്ത്രിസഭ ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഏഴ് ജെജെപി എംഎൽഎമാർ ബിജെപി സർക്കാരിനെ പിന്തുണയ്ക്കും. മനോഹർലാൽ ഖട്ടറിന് പകരം നയബ് സിംഗ് സെയ്‌നി, സഞ്ജയ് ഭാട്ടിയ എന്നിവരിൽ ഒരാൾ പുതിയ മുഖ്യമന്ത്രിയായേക്കുമെന്നും റിപ്പോർട്ടുണ്ട്. നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷനാണ് നായിബ് സിംഗ് സൈനി, കുരുക്ഷേത്ര ലോക്സഭാ സീറ്റിൽ നിന്നുള്ള എംപി കൂടിയാണ് അദ്ദേഹം.
