ആലപ്പുഴയില്‍ ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കാനാവാതെ കോണ്‍ഗ്രസ്; കെസി ജോസഫ് എത്തിയിട്ടും മാറ്റമില്ല

1 min read
SHARE

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ സി ജോസഫ് എത്തിയിട്ടും ആലപ്പുഴയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി മാറി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഗ്രൂപ്പിന്റെ നേതാവായ കെസി ജോസഫിനെ ആലപ്പുഴയില്‍ കൊണ്ടുവന്നത്. അതിനുശേഷവും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. എ ഗ്രൂപ്പിന്റെ ജില്ലയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും കെസി ജോസഫ് നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയിട്ടും ഫലം കണ്ടില്ല. വിഭാഗീയത തീവ്രമായി നില്‍ക്കുന്ന കായംകുളം മണ്ഡലത്തില്‍ രണ്ടുതവണ തീരുമാനിച്ച റോഡ് ഷോകള്‍ മാറ്റിവെച്ചു. ആദ്യദിനം റോഡ് ഷോ നടക്കാതെ വന്നതോടെ കഴിഞ്ഞദിവസം നടത്താന്‍ തീരുമാനിച്ചതെങ്കിലും അതും നടന്നില്ല. കായംകുളത്തെ എ ഗ്രൂപ്പില്‍ പെട്ട മുതിര്‍ന്ന നേതാക്കള്‍ അടക്കം വിട്ടുനില്‍ക്കുന്നതാണ് ഇതിന് കാരണം. മണ്ഡലം ബ്ലോക്ക് തലത്തില്‍ കെസി വേണുഗോപാല്‍ വിഭാഗക്കാരെ തിരികെ കയറ്റാന്‍ ശ്രമിച്ചതാണ് ഇവരുടെ പ്രതിഷേധത്തിന് കാരണം. കഴിഞ്ഞദിവസം വൈകി ആലപ്പുഴയില്‍ നടന്ന റോഡ് ഷോയിലും പൊതുവേ പ്രവര്‍ത്തകരുടെ എണ്ണം കുറവായിരുന്നു.